ബെംഗളൂരു: ഷിരൂരിൽ പുഴയിൽ അടിഞ്ഞ മണ്ണ് നീക്കാൻ ഡ്രഡ്ജർ കൊണ്ടുവരുന്നതിൽ അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയിൽ നിന്ന് യന്ത്രം എത്തിക്കണോ എന്നതിൽ തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടിമെന്നുറപ്പില്ലാതിരിക്കെ, ലോറി ഉടമക്ക് ഇൻഷുറൻസ് കിട്ടാൻ സർക്കാർ വൻതുക മുടക്കണോ എന്നതിലാണ് ഇപ്പോൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ ആശയക്കുഴപ്പം. ഷിരൂര്‍ രക്ഷാദൗത്യത്തിന്‍റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് രാവിലെ ഉന്നതതല യോഗം നടക്കും.
ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും കാണാതായ മൂന്നുപേരെ കണ്ടെത്താനായിട്ടില്ല. മലയാളി ലോറി ഡ്രൈവർ അർജുൻ, ഷിരൂരുകാരായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങൾ എട്ടും പത്തും കിലോമീറ്ററുകൾ അകലെ തീരത്തടിഞ്ഞിരുന്നു. എന്നാല്‍, ബാക്കിയുള്ളവർക്കായി, ഒപ്പം അർജുന്റെ ലോറിക്കായി ഇപ്പോഴും രക്ഷാദൗത്യം തുടരുകയാണ്.
ഇന്നലെയോടെ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഡ്രഡ്ജര്‍ എത്തിച്ചശേഷം മതി തെരച്ചിലെന്നായിരുന്നു ഇന്നത്തെ തീരുമാനം. ഡ്രസ്ജർ എത്താൻ ഇനി അഞ്ച് ദിവസം എടുക്കുമെന്ന് കാർവാർ എം എൽ എ സതീശ് സെയിൽ വ്യക്തമാക്കിയിരുന്നു. വൃഷ്ടിപ്രദേശത്തിലെ മഴ കാരണം ഗംഗാവലി പുഴയിലെ ഒഴുക്ക് വർധിക്കാനും തുടങ്ങിയിട്ടുണ്ട്. പുഴയിലെ വെള്ളം കലങ്ങിയ നിലയിലായി. ഇതോടെ പുഴയ്ക്ക് അടിയിൽ കാഴ്ച ഇല്ലാത്തതിനാൽ മുങ്ങിയുള്ള തെരച്ചിൽ ബുദ്ധിമുട്ടാണെന്ന് ഈശ്വർ മൽപെയും വ്യക്തമാക്കി
ഇതുവരെ പുഴയില്‍ നടത്തിയ തെരച്ചിലില്‍ ലോറിയുടെ ലോഹഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. മനുഷ്യന് ഇറങ്ങാൻ കഴിയാത്തവിധമുള്ള ഒഴുക്കും കലക്കും മാറിയതോടെയാണ് ഈശ്വര്‍ മല്‍പെ തെരച്ചില്‍ ആരംഭിച്ചത്. പിന്നാലെ നാവിക സേനയും തെരച്ചിലിനെത്തി. പക്ഷെ കാണാതായവരെ കണ്ടെത്താനായില്ല. കയർ കഷ്ണങ്ങളും ചില ലോഹഭാഗങ്ങളും മാത്രമാണ് ആകെ കിട്ടുന്നത്. ലോറി എങ്ങനെ കിടക്കുന്നുവെന്നോ ആളുണ്ടോ എന്നോ നോക്കാൻ ഒരു മാസം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. ടൺ കണക്കിന് മണ്ണും മരങ്ങളും പാറയും വന്നു അടിഞ്ഞ സ്ഥലത്ത്, അതിനുള്ളിൽ ലോറിയോ ആളെയോ കണ്ടെത്താൻ മുങ്ങൽ വിദഗ്ധർക്ക് കഴിയില്ലെന്ന് അവർ തന്നെ സമ്മതിക്കുന്നു. ഇക്കാര്യം ഇന്നലെ ഈശ്വര്‍ മല്‍പെ തന്നെ തുറന്നു പറയുകയും ചെയ്തു.
ഡ്രെഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്യല്‍ മാത്രമാണ് ഇനി പോംവഴി. എന്നാല്‍,ഗോവയിൽ നിന്ന് ഡ്രെഡ്ജര്‍ കൊണ്ടുവരാൻ 96 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്രയും തുക സർക്കാർ ഫണ്ടിൽ നിന്ന് ചെലവാക്കണോ എന്നതിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ഒരു കോടിയോളം രൂപ മുടക്കി തിരയുന്നതിന്‍റെ യുക്തി ഷിരൂരുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളിലുണ്ടായി. ലോറി ഉടമയ്ക്ക് ഇൻഷുറൻസ് കിട്ടാൻ ഇത്രയും സർക്കാർ പണം ചെലവാക്കണോ എന്നുവരെ ചോദ്യങ്ങളുണ്ടായി.
ശരീരം കണ്ടെത്താനാകുമോ എന്ന പ്രതീക്ഷയിലാണ് ലോറിയുള്ള ഭാഗം കേന്ദ്രീകരിച്ചു തെരച്ചിൽ. മുങ്ങൽ വിദഗ്ധർ ഇതുവരെ ലോറി കണ്ടിട്ടില്ല. ഡ്രെഡ്ജര്‍ മണ്ണ് നീക്കിയാൽ തന്നെ ലോറി കണ്ടെത്താനാകുമോ എന്ന് അതുകൊണ്ട് ഉറപ്പില്ല,.ഇത്രയും അവശിഷ്ടങ്ങൾക്ക് അടിയിൽ ഏത് അവസ്ഥയിലാണ് ലോറി എന്ന് വ്യക്തമല്ല. ലോറി എടുത്താൽ തന്നെ ശരീരം കണ്ടെത്താനാകുമോ എന്നും ഉറപ്പില്ല.
അപകട സമയത്ത് അർജുൻ ലോറിയിൽ ഉണ്ടായിരുന്നിരിക്കാം എന്ന നിഗമനത്തിലാണ് എല്ലാ നീക്കങ്ങളും. ജഗന്നാഥും ലോകേഷും എവിടേക്ക് മറഞ്ഞെന്നും അറിവില്ല. ഇതിനാല്‍ തന്നെ വൻ തുക മുടക്കി യന്ത്രം എത്തിക്കുന്നതിലാണ് ആശയക്കുഴപ്പം. ഇനി തുക മുടക്കി യന്ത്രം എത്തിച്ചാൽ തന്നെ പ്രവൃത്തി നീണ്ടാൽ കൂടുതൽ ചെലവിടേണ്ടി വരുമെന്നതും ജില്ലാ ഭരണകൂടത്തിനും സർക്കാരിനും തലവേദനയാണ്. തുക മുടക്കണോയെന്നും അല്ലെങ്കില്‍ എന്താണ് മാര്‍ഗമെന്നുമൊക്കെയുള്ള കാര്യത്തില്‍ ഇന്ന് 11 മണിക്ക് കാർവാറിൽ നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.