തിരുവനന്തപുരം : അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതി രാജേന്ദ്രൻ ജോലി ചെയ്തിരുന്ന ചായക്കടയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കേസന്വേഷണത്തിൽ ഏറ്റവും നിർണായകമായ തെളിവാണ് കൊലപാതകി രാജേന്ദ്രന്‍റെ നിസ്സഹകരണത്തിനിടയിലും പോലീസ് കണ്ടെത്തിയത്. വിനിത കൊലക്കേസിലെ പ്രതി രാജേന്ദ്രൻ പരസ്സ്പര വിരുദ്ധമായ മൊഴികള്‍ നൽകി പോലീസിനെ വട്ടം കറക്കുകയായിരുന്നു. കൊലക്കുപയോഗിച്ച കത്തി, മോഷ്ടിച്ച സ്വർണമാലയുടെ ലോക്കറ്റ്, സ്വർണം പണയം വച്ചു കിട്ടിയ പണം എന്നിവയെ കുറിച്ചൊന്നും വ്യക്തമായി ഒന്നു രാജേന്ദ്രൻ പറഞ്ഞിരുന്നില്ല. പ്രധാന തെളിവായ കത്തി മുട്ടടയിലെ കുളത്തിൽ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ പ്രതി പിന്നീട് മൊഴി മാറ്റി.
രക്ഷപ്പെടുത്തിനിടെ റോഡരുകിൽ ഉപേക്ഷിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസവും പ്രതിയുമായി തെളിവെടുത്തു. രാജേന്ദ്രൻ സഞ്ചരിച്ച വഴികളിലൂടെ വ്യാപകമായി പരിശോധിച്ചുവെങ്കിലും പ്രധാന തെളിവ് കണ്ടെത്താനായിരുന്നില്ല.
ഇന്നലെ രാത്രിയിലുള്ള ചോദ്യം ചെയ്യലിലാണ് ജോലി ചെയ്തിരുന്ന ചായക്കടയിലെ ഉപയോഗിക്കാത്ത വാഷ് ബെയിസിന്‍റെ പൈപ്പിനുള്ളിൽ കത്തിവച്ചിട്ടുണ്ടെന്ന കാര്യം പറഞ്ഞത്. പേരൂർക്കട പോലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയിൽ നടത്തിയ തെളിവെടുപ്പിൽ കത്തി പോലിസെടുത്തു. രാജേന്ദ്രന്‍റെ ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കാനിക്കെ പ്രധാന തെളിവ് കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമാകും.
കൊലപാതകത്തിന് ശേഷം കടയിൽ മടങ്ങിയെത്തിയ പ്രതി കത്തി ഒളിപ്പിച്ച ശേഷം തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്വർണ മാലയുടെ ലോക്കറ്റും സ്വർണം പണയം വച്ച പണവും കണ്ടെത്താൻ രണ്ടു പ്രാവശ്യം തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്വർണമായ പണയംവച്ചതിൽ 36,000 രൂപ ഓണ്‍ ലൈൻ ട്രേഡിംഗിനായി ബാക്കു വാഴു കോയമ്പത്തൂരുള്ള ഒരു ഏജന്‍റിന് കൈമാറിയത് കണ്ടെത്തി. ബാക്കി പണ രണ്ടു സുഹൃത്തുക്കള്‍ക്ക് നൽകിയതായി മൊഴി നൽകിയെങ്കിലും പണം ലഭിച്ചിട്ടില്ല. ഈ മാസം ആറിനാണ് നെടുമങ്ങാട് സ്വദേശിയായ വിനിതിയെ കടയ്ക്കുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതിയുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കി വാഹനത്തിനുള്ളിൽ കയറ്റുന്നതിടെ പ്രതിയെ കൈയേറ്റം ചെയ്യാനും പോലീസിനെ തടയാനും ചിലർ ശ്രമിച്ചു. പോലീസിനെ തള്ളിമാറ്റി മൊബൈലിൽ ചിത്രമെടുക്കാനും ചിലർ ശ്രമിച്ചു. ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ച ഒരാളെ പോലീസ് കസ്റ്റഡിലെടുത്തു.