പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂർ ഏഴംകുളം റോഡിൽ കൊടുമണിലെ ഓട വിവാദത്തിൽ വൻ വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പ്രദേശത്ത് ഒരു കൈയേറ്റവും നടത്തിയിട്ടില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ ആരോപണം ഉന്നയിച്ച കോൺഗ്രസിന്റെ പാർട്ടി ഓഫീസ് അനധികൃത നിർമ്മാണം നടത്തിയെന്നും കണ്ടെത്തലുണ്ട്. അതേസമയം ജോർജ് ജോസഫ് ഓടയുടെ അലൈൻമെന്റ് മാറ്റിയെന്ന് ആരോപണം ഉന്നയിച്ച മുതിർന്ന ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീധരനെ സിപിഐഎം താക്കീത് ചെയ്തു . കോൺഗ്രസ് അനധികൃത നിർമ്മാണം നടത്തി വാടകയ്ക്ക് നൽകിയ കെട്ടിടത്തിനെതിരെ നടപടിയെടുക്കണമെന്ന് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ആവശ്യപ്പെട്ടു.
മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെയുള്ള ആരോപണങ്ങളെല്ലാം പൊളിക്കുന്നതാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമണിൽ പുതുതായി നിർമ്മിയ്ക്കുന്ന ഓടയുടെ അലൈൻമെൻ്റ് ആരോഗ്യ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിനായി മാറ്റി എന്നായിരുന്നു പ്രധാന ആരോപണം. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ കെ കെ ശ്രീധരൻ ഉന്നയിച്ച ആരോപണം പിന്നീട് കോൺഗ്രസ് ഏറ്റെടുത്തു. കൊടുമുടി പ്രക്ഷോഭങ്ങളും ഹർത്താലും വരെയായി. ഒടുവിൽ റോഡ് അളന്നുതിട്ടപ്പെടുത്തിയപ്പോൾ ജോർജ് ജോസഫ് കയ്യേറ്റം നടത്തിയിട്ടില്ലെന്നും ഓടയുടെ അലൈൻമെന്റ് മാറ്റിയിട്ടില്ലെന്നുമാണ് കണ്ടെത്തൽ. അതേസമയം കോൺഗ്രസ് ഓഫീസ് കെട്ടിടം അനധികൃത നിർമ്മാണം നടത്തിയെന്നും റിപ്പോർട്ടിലുണ്ട് .
വിവാദത്തിന് തിരികൊളുത്തിയ മുതിർന്ന ജില്ലാ കമ്മിറ്റി അംഗവും കൊടുമൺ പഞ്ചായത്ത് പ്രസിഡന്റുമായ കെ കെ ശ്രീധരനെ സിപിഐഎം താക്കീത് ചെയ്തു. കടുത്ത നടപടി വേണമെന്ന ആവശ്യം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കം ഉന്നയിച്ചെങ്കിലും താക്കീതു മതിയെന്ന് നിലപാടെടുക്കുകയായിരുന്നു.