തിരുവനന്തപുരം : ഡൽഹിയിൽ നടന്ന കർഷകസമരത്തിന്റെ മാതൃകയിൽ സിൽവർ ലൈനിനെതിരേ പ്രക്ഷോഭം നടത്താനൊരുങ്ങി കോൺഗ്രസ്. പദ്ധതി വരുത്തുന്ന ദുരന്തം ജനങ്ങളെ ബോധ്യപ്പെടുത്തും. മെട്രോമാൻ ഇ. ശ്രീധരനുൾപ്പെടെയുള്ള വിദഗ്ധരെയും പരിസ്ഥിതി പ്രവർത്തകരെയും ഉൾപ്പെടുത്തി സെമിനാറുകൾ, 1000 പൊതുയോഗങ്ങൾ തുടങ്ങിയവ നടത്താൻ കെ.പി.സി.സി. നിർവാഹക സമിതിയോഗം തീരുമാനിച്ചതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സർവേ തടയുമെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ലെന്നും കല്ലിടലിനെയാണ് എതിർക്കുന്നതെന്നും സുധാകരൻ പറഞ്ഞു. സർവേ നടത്തുന്നത് പഠനത്തിനാണ്. എന്നാൽ, കല്ലിടൽ ഭൂമി ഏറ്റെടുക്കലിനും. വിശദമായ പഠനമോ ഡി.പി.ആറോ ഇല്ലാതെ കല്ലിടുന്നതെങ്ങനെയാണ്?.
പദ്ധതിക്ക് അംഗീകാരം കിട്ടിയ ശേഷമാണ് ഭൂമി ഏറ്റെടുക്കേണ്ടത്. കല്ലുകളൊന്നും അവസാനം അവിടുണ്ടാകില്ലെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. ഇപ്പോൾ പലയിടത്തും ഉയരുന്ന എതിർപ്പുകൾ കോൺഗ്രസ് പറഞ്ഞിട്ടല്ല. സ്വാഭാവിക എതിർപ്പുകളാണത്. ശാസ്ത്രീയമായ രേഖകൾ സർക്കാർ വെക്കട്ടെ. വീടുകൾ കയറി സംസ്ഥാനവ്യാപക പ്രചാരണം കോൺഗ്രസ് നടത്തും. യു.ഡി.എഫ്. തയാറാക്കിയ വസ്തുതാവിവരണ ലഘുലേഖ വിതരണം ചെയ്യും. പരിപാടിയിൽ നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഘടകകക്ഷിയായ സി.പി.ഐയെയോ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള ഇടതനുകൂല സംഘടനകളെയോ പോലും പദ്ധതിയെപ്പറ്റി സർക്കാരിന് ബോധ്യപ്പെടുത്താനായിട്ടില്ല. ഭാവിയിൽ കേന്ദ്രസർക്കാർ ഇതിന് അനുമതി നൽകില്ലെന്ന് ഏതെങ്കിലും ബി.ജെ.പി. നേതാവിന് പറയാൻ ധൈര്യമുണ്ടോയെന്ന് സുധാകരൻ ചോദിച്ചു.