കൊച്ചി : കലൂരിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്‌ടോപ്പും കവർന്ന ബിഹാർ സ്വദേശി ജഗാവുള്ളയെ ഡൽഹിയിൽനിന്നു പിടിച്ച് കൊച്ചി സിറ്റി പോലീസ്. മറ്റൊരു പ്രതിയായ 17-കാരനായ ബിഹാർ സ്വദേശിയെ നേരത്തെ പിടിച്ച് ജുവനൈൽ ബോർഡിനു മുമ്പിൽ ഹാജരാക്കിയിരുന്നു. കലൂർ പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മൻസിലിൽനിന്ന് ജനുവരി 30, 31 തീയതികളിൽ ഒരു ലക്ഷം രൂപയും ഒരു ലാപ്‌ടോപ്പുമാണ് കവർന്നത്. 31-നാണ് മോഷണ വിവരം അറിയുന്നത്. മുഖ്യ പ്രതി ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിർമാണ ശാലയിൽ ജോലി ചെയ്തിരുന്നു. ഇവിടെ വെച്ചാണ് 17-കാരനുമായി ചേർന്ന് മോഷണം ആസൂത്രണം ചെയ്തത്.
മോഷണ തുക പങ്കുവെച്ച് ജഗാവുള്ള ബെംഗളൂരുവിലേക്ക് കടന്നു. മുംബൈ വഴി ഡൽഹിയിലെത്തിയ ഇയാൾ പഹാർഗഞ്ചിലെ നബീകരീം തെരുവിലെ ബാഗ് നിർമാണശാലയിൽ ജോലിക്കു കയറി. ഇവിടെ നിന്നാണ് പോലീസ് സംഘം സാഹസികമായി പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ ജഗാവുള്ളയെ റിമാൻഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശാനുസരണം ഡി.സി.പി. വി.യു. കുര്യാക്കോസ് പ്രത്യേക അന്വേണ സംഘം രൂപവത്‌കരിച്ചിരുന്നു. എറണാകുളം സെൻട്രൽ എ.സി.പി. ജയകുമാർ ചന്ദ്രമോഹൻ, എളമക്കര ഇൻസ്പെക്ടർ എം.എസ്. സാബുജി എന്നിവർ നേതൃത്വം നൽകി. എസ്.ഐ. രാമു ബാലചന്ദ്ര ബോസ്, എ.എസ്.ഐ.മാരായ വി.എ. സുബൈർ, പി.ആർ. സീമോൻ, സി.പി.ഒ. സി.വി. മധുസൂദനൻ എന്നിവരാണ് ഡൽഹിയിലെത്തി പ്രതിയെ പിടിച്ചത്.