കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുകാരുടെ ഉറക്കം കെടുത്തിയ കള്ളൻ പിടിയിലായി. കള്ളനെ കണ്ട നാട്ടുകാരും ഞെട്ടി. കാഞ്ഞങ്ങാട് ടൗണിലെ തുണിക്കടയിൽ ജോലി ചെയ്തിരുന്ന, നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്ന അമ്പലവയൽ സ്വദേശി ആബിദാണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട് ഒരു തുണിക്കടയിൽ സെയിൽസ്‍മാനാണ് വയനാട് അമ്പലവയൽ സ്വദേശി അബ്ദുൾ ആബിദ്. പകൽ സമയത്ത് മാന്യൻ. പക്ഷേ രാത്രിയായാൽ ഇയാളുടെ സ്വഭാവം മാറും. മോഷണത്തിനിറങ്ങും. മോഷണം പതിവാക്കിയതോടെ ഒടുവിൽ കാഞ്ഞങ്ങാട് പൊലീസിന്റെ പിടി വീണു. കാഞ്ഞങ്ങാട് നഗരത്തിലെ രണ്ട് വീടുകളിൽ മോഷണം നടത്തിയത് ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരു സുരക്ഷാ ജീവനക്കാരന്റെതും അതിഥി തൊഴിലാളികളായ രണ്ടുപേരുടെയും ഉൾപ്പെടെ നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. മോഷണ വസ്തുക്കൾ തിരൂർ, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിൽ കൊണ്ടുപോയി വിറ്റുവെന്നാണ് മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവ് പിടിയിലായത്.
റിസോർട്ടിലെ കവർച്ച ഉൾപ്പെടെ വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ എട്ട് കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ അബ്ദുൽ ആബിദിനെ റിമാൻഡ് ചെയ്തു.