ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്തലാഖിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാൽ ഉത്തർപ്രദേശിലെ ജനങ്ങൾ ഇത്തവണ ബി.ജെ.പി.യോടും എസ്.പി.യോടും തലാഖ്, തലാഖ്, തലാഖ് ചൊല്ലുമെന്നും മജ്ലിസ് പാർട്ടി തലവൻ അസദുദ്ദീൻ ഒവൈസി. ഇതോടെ യു.പി.യിൽ ഇരുവരുടെയും അന്ത്യമാവുമെന്നും ഒവൈസി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണം അവസാനിക്കുന്ന വെള്ളിയാഴ്ച മധോഘഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഒവൈസി. അഖിലേഷ് യാദവിന്റെ എസ്.പി.യും യോഗി ആദിത്യനാഥിന്റെ ബി.ജെ.പി.യും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. യോഗിയും അഖിലേഷും വേർപിരിയപ്പെട്ട സഹോദരങ്ങളാണ്. അവരുടെ മനോഭാവം ഒന്നാണ്. ക്രൂരന്മാരും ധാർഷ്ട്യക്കാരുമാണ്. അവർ സ്വയം നേതാക്കളെപ്പോലെയല്ല കരുതുന്നത്, മറിച്ച് ചക്രവർത്തിമാരായാണ്-ഒവൈസി പരിഹസിച്ചു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ബി.ജെ.പി.യും എസ്.പി.യും തമ്മിലുള്ള നേർക്കു നേർ മത്സരമാണ് മിക്കയിടത്തും. മറ്റെല്ലാ രാഷ്ട്രീയപ്പാർട്ടികളും എസ്.പി.ക്കും ബി.ജെ.പി.ക്കും എതിരേയാണ് എല്ലായിടത്തും ആഞ്ഞടിക്കുന്നത്. ഞായറാഴ്ച നടക്കുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 627 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. എസ്.പി.യുടെ മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയായ അഖിലേഷിന്റെയും (കർഹൽ) അമ്മാവൻ ശിവ്പാൽ സിങ് യാദവിന്റെയും (ജസ്വന്ത് നഗർ) വിധി ഞായറാഴ്ചയാണ് നിർണയിക്കപ്പെടുക. കർഹലിൽ അഖിലേഷിനെതിരേ കേന്ദ്രമന്ത്രി എസ്.പി. സിങ് ബഘേലാണ് മത്സരിക്കുന്നത്.