ന്യൂജേഴ്‌സിയിലെ കൊഹൻസിക് മൃഗശാലയിലെ ബംഗാൾ കടുവകളെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിലേക്ക് യുവതി വലിഞ്ഞ് കയറി. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. യുവതി തന്‍റെ താമസ സ്ഥലത്തേക്ക് കടന്നതും കടുവ അക്രമാസക്തനായി യുവതിയെ അക്രമിക്കാനായി തയ്യാറെടുക്കുന്ന വീഡിയോ മൃഗശാലയുടെ സിസിടിവിയില്‍ പതിഞ്ഞു. ഫിലാഡല്‍ഫിയയിലെ ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടറായ സ്റ്റീവ് കീലി, ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച് കൊണ്ട് പോലീസ് യുവതി അനേഷ്വിക്കുകയാണെന്ന് കുറിച്ചു. സംഭവത്തെ കുറിച്ച് നാലോളം ട്വീറ്റുകളാണ് സ്റ്റീവ് കീലി തന്‍റെ എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ചത്.
യുവതി കടുവയെ തൊടാന്‍ ശ്രമിച്ചെന്നും കടുവ യുവതിയെ ഏതാണ്ട് കടിക്കുന്നതിനോളം അടുത്തെത്തിയെന്നും ബ്രിഡ്ജ്ടൺ പോലീസ് ഡിപ്പാർട്ട്‌മെന്‍റ് പറയുന്നു. ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്ന ഏക ഇരുമ്പ് വേലി ചാടിക്കടക്കാന്‍ കടുവ പല തവണ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഈ സമയം കടുവയെ പ്രകോപിപ്പിക്കാനായി യുവതി ഇരുമ്പ് വേലിക്കകത്ത് കൂടി തന്‍റെ കൈവിരല്‍ കടത്തി. തന്‍റെ അധികാര പരിധിയിലേക്ക് ക്ഷണിക്കാതെ എത്തിയ അതിഥിയെ കണ്ട് അസ്വസ്ഥനായ കടുവ കൂട്ടില്‍ പലതവണ യുവതിയ അക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
യുവതിയെ കണ്ടെത്താനായി പോലീസ് ഊർജ്ജിതമായ അന്വേഷണത്തിലാണെന്ന് പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. കടുവയുടെ കൂടിന് വെളിയില്‍ വേലിക്ക് മുകളിൽ കയറരുതെന്നും മൃഗശാലയുടെ വേലിക്ക് മുകളിൽ കയറുന്നത് സിറ്റി ഓർഡിനൻസിന് 247-സിക്ക് എതിരാണെന്നും രേഖപ്പെടുത്തിയിരുന്നു. 2016 -ലാണ് ഈ ബംഗാള്‍ കടുവ കൊഹൻസിക് മൃഗശാലയിലെത്തുന്നത്. ഋഷിയെന്നും മഹേഷ് എന്നും പേരുള്ള രണ്ട് കടുവകളെയാണ് അന്ന് മൃഗശാലയില്‍ എത്തിച്ചത്. അന്ന് അവയ്ക്ക് 20 പൌണ്ടായിരുന്നു ഭാരം. എന്നാല്‍ ഇന്ന് കടുവയ്ക്ക് 500 പൌണ്ട് (226 കിലോ) ഭാരമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. സൈബീരിയൻ കടുവകള്‍ക്ക് പിന്നില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഇനം കടുവയാണ് ബംഗാള്‍ കടുവകള്‍.