കൊണ്ടോട്ടി : കിഴിശ്ശേരിയിൽ ഭർത്താവിനൊപ്പം താമസിക്കുകയായിരുന്ന ബംഗാൾ സ്വദേശിനിയെ ഹരിയാണയിൽകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ബംഗാൾ സ്വദേശി കാജു(24)വിനെ ഹരിയാണയിലെ ഗുരുഗ്രാമിലെ ചേരിപ്രദേശത്തുനിന്നാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിലാണ് യുവതിയെ കാണാതായത്. പശ്ചിമബംഗാളിലെ വീട്ടിലെത്തിക്കാമെന്നുപറഞ്ഞ് കാജു യുവതിയെ കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുഗ്രാമിലെ ചേരിയിലേക്കാണ് കാജു യുവതിയെ എത്തിച്ചത്. 10 ദിവസത്തോളം മുറിയിലിട്ട് പീഡിപ്പിച്ചു. ഫോൺ മുഖേനയാണ് യുവതി കാജുവുമായി പരിചയപ്പെട്ടത്. യുവതിയെ കാണാനില്ലെന്ന് ഭർത്താവ് കൊണ്ടോട്ടി പോലീസിൽ പരാതി നൽകി. കാജുവിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട യുവതിയെ ഡൽഹിയിൽനിന്ന് പോലീസ് കണ്ടെത്തി. തിരികെ നാട്ടിലെത്തിച്ച യുവതി മലപ്പുറം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ പീഡന വിവരം വെളിപ്പെടുത്തി. കോടതിയുടെ നിർദേശപ്രകാരം പോലീസ് കേസെടുത്തു.
ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. എസ്.ഐ. അബ്ദുൾ അസീസ് കാര്യോട്ട്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഒ. പ്രശാന്ത്, എം.ഒ. സജീവ് എന്നിവരാണ് ഗുരുഗ്രാമിൽനിന്ന് കാജുവിനെ കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ്.പി. കെ. അഷ്റഫിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എം.സി. പ്രമോദ് ആണ് കേസന്വേഷിക്കുന്നത്.