തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ നിലപാടിലുറച്ച് നടി ശ്രീലേഖ മിത്ര. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത്, നിരവധി പേരുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്, എല്ലാം പുറത്തുവരട്ടെയെന്നും ശ്രീലേഖ മിത്ര പ്രതികരിച്ചു. ഒടുവിൽ രഞ്ജിത്ത് സമ്മതിച്ചുവെന്നും ശ്രീലേഖ മിത്ര കൂട്ടിച്ചേര്‍ക്കുന്നു.
നിരവധി പേർക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാൻ മനുഷ്യർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാൽ പുരുഷനൊപ്പം നിൽക്കുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു. ഇനിയെങ്കിലും സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താനായിട്ട് പരാതി നൽകില്ലെന്നും കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീലേഖ മിത്ര പ്രതികരിച്ചു. പൊലീസ് സമീപിച്ചാൽ നടപടികളോട് സഹകരിക്കുമെന്നും നിയമ സഹായം നൽകാൻ ഏറെപ്പേർ ഇന്നലെ സമീപിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.