എന്താവശ്യത്തിന് പോയാലും അവിടെ ഫോൺ നമ്പർ കൊടുത്തിട്ട് വരുന്നത് പതിവാണല്ലോ… പലപ്പോഴും നമ്മുടെ ബാങ്ക്, യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പരുകളാകും നല്‍കുക. എന്നാൽ മാളുകളിലും റസ്റ്റോറന്‍റുകളിലുമൊന്നും ഫോൺ നമ്പർ കൊടുക്കുന്നത് അത്ര സേഫ് അല്ലെന്നാണ് പൂനെ സപ്ലൈ ഓഫീസ് പറയുന്നത്. എസ്എംഎസിലൂടെയും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കോളുകളിലൂടെയും തട്ടിപ്പുകൾ വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി സ്ഥാപനങ്ങളിൽ നിന്നും ക്രിമിനലുകൾക്ക് നമ്പർ വേഗത്തിൽ കൈക്കലാക്കാനാകും. വ്യക്തിയുടെ സമ്മതമില്ലാതെ നമ്പർ പങ്കിടുന്നത് ക്രിമിനൽ കുറ്റമാണെന്ന് ജില്ലാ സപ്ലൈ ഓഫീസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
ഉപഭോക്താക്കളുടെ മൊബൈൽ നമ്പരുകൾ അവരുടെ അറിവില്ലാതെ മൂന്നാം കക്ഷികളുമായി പങ്കിടുന്ന സ്ഥാപനങ്ങൾക്ക് ഐടി ആക്ട് 2000 പ്രകാരം ക്രിമിനൽ നടപടി നേരിടേണ്ടിവരും. അതനുസരിച്ച് മൂന്ന് വർഷം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഷോപ്പിങ് മാളുകൾ, റസ്റ്റോറന്‍റുകള്‍, റീട്ടെയിൽ ഷോപ്പുകൾ എന്നിവയുൾപ്പെടെ മിക്ക വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ മൊബൈൽ നമ്പരുകൾ ശേഖരിക്കുന്നുണ്ട്. ഉപഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള തന്ത്രങ്ങൾ സൈബർ കുറ്റവാളികൾ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും അറിഞ്ഞിരിക്കേണ്ട സൈബർ തട്ടിപ്പുകൾ ഇതൊക്കെയാണ്.
വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്‌ത തട്ടിപ്പാണ് ഫിഷിങ്. സ്മിഷിങ്: സമാനമായ ഒരു തന്ത്രം എന്നാൽ ഇമെയിലുകൾക്ക് പകരം ടെക്സ്റ്റ് സന്ദേശങ്ങൾ ഉപയോഗിക്കുന്നു. വിഷിങ്: ഫോണിലൂടെ തന്ത്രപ്രധാനമായ വിവരങ്ങൾ എക്‌സ്‌ട്രാക്‌റ്റ് ചെയ്യുന്നതിന് സ്‌കാമർമാർ നിയമാനുസൃത ബിസിനസുകളോ സർക്കാർ ഏജൻസികളോ ആയി സംസാരിക്കുന്ന ഒരു വോയ്‌സ് ഫിഷിങ് ആക്രമണമാണിത്. സിം സ്വാപിങ്: ഫോൺ നമ്പർ അവരുടെ നിയന്ത്രണത്തിലുള്ള ഒരു പുതിയ സിം കാർഡിലേക്ക് മാറ്റാൻ നിങ്ങളുടെ മൊബൈൽ കാരിയറെ ബോധ്യപ്പെടുത്തുന്നു, ഓൺലൈൻ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ ഇത് അനുവദിക്കുന്നു.