കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയുടെ അച്ചടക്ക നടപടി തൽക്കാലം ഉണ്ടാകില്ല. രഞ്ജിത്തിനെതിരെ പോലീസ് റിപ്പോർട്ടോ, അറസ്റ്റോ, കോടതിയുടെ കടുത്ത ഇടപെടലോ ഉണ്ടായാൽ സസ്പെൻഡ് ചെയ്യാം എന്നതാണ് ഫെഫ്കയുടെ നിലപാട്. എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത് സ്വാഭാവിക നടപടി എന്നാണ് സിനിമ സംഘടനയുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ സ്ഥിരീകരിച്ചത്. പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.