തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് പുതിയ ജോലി നല്‍കിയ കമ്പനിയുമായി ബിജെപിക്ക് അടുത്ത ബന്ധമെന്ന ആരോപണങ്ങളെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്‌നയ്ക്ക് ജോലി നല്‍കിയ എച്ച് ആര്‍ ഡി എസ് എന്ന എന്‍ജിഒയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും പകരം സിപിഐഎമ്മിന് ബന്ധമുണ്ടാകുമെന്നും സുരേന്ദ്രന്‍ തിരിച്ചടിച്ചു.
ഈ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുന്‍മന്ത്രി എം എം മണിയാണ് ഈ എന്‍ ജി ഒയുടെ തൊടുപുഴയിലെ ഓഫിസ് ഉദ്ഘാടനം ചെയ്തത്. ഈ സ്ഥാപനത്തില്‍ സ്വപ്‌ന സുരേഷിന് ജോലി ശരിയാക്കി നല്‍കിയത് എസ് എഫ് ഐ നേതാവാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
എച്ച് ആര്‍ ഡി എസ് എന്ന എന്‍.ജി.ഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജര്‍ പദവിയിലാണ് സ്വപ്‌ന സുരേഷിന് നിയമനം ലഭിച്ചത്. പാലക്കാട് ആസ്ഥാനമായ എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും തനിക്ക് ജോലി ലഭിക്കുന്നില്ലെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂചിപ്പിച്ചിരുന്നു. ആദിവാസി മേഖലയില്‍ വീടുകള്‍ വെച്ചുനല്‍കാനും മറ്റുമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. വിദേശത്തുനിന്ന് ഇതിനായി പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലയാകും സ്വപ്‌ന സുരേഷിന് ലഭിക്കുക.
ഭരണപക്ഷവും പ്രതിപക്ഷവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്ഷേപിക്കുന്നുവെന്ന ആരോപണവും സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്ന വേളയില്‍ ഉയര്‍ത്തിക്കാട്ടി. സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള നിലപാടുകളാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലകളെ മുഴുവന്‍ സി പി ഐ എമ്മിന്റെ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയപ്പോഴാണ് ഗവര്‍ണര്‍ ഇടപെട്ടത്. പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ആജീവനാന്ത പെന്‍ഷന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുകയാണ്. ഇത് ചോദ്യം ചെയ്യാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. ജ്യോതിലാലിനെ മാറ്റേണ്ടി വന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റുണ്ടായി എന്നതിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണവേ പറഞ്ഞു.
സര്‍ക്കാരിന്റ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് ഗവര്‍ണര്‍ രംഗത്തെത്തിയപ്പോള്‍ ഗവര്‍ണറെ ആക്ഷേപിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നയപ്രഖ്യാപനം നടത്താനെത്തിയപ്പോള്‍ സതീശനും കൂട്ടരും പുറത്തിറങ്ങിപോകുകയായിരുന്നു. ഇതെന്ത് തരം രാഷ്ട്രീയമാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു.