റിയാദ്: 52 ദിവസം നീണ്ടുനിന്ന ‘ജിദ്ദ സീസൺ 2024’ ആഘോഷങ്ങൾ രാജ്യത്തിനകത്തും പുറത്തും നിന്നും 17 ലക്ഷത്തിലധികം ആളുകൾ ആസ്വദിക്കാനെത്തിയെന്ന് കണക്ക്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന നിരവധി വിനോദ – സാംസ്കാരിക പരിപാടികളാണ് അരങ്ങേറിയത്. ജൂൺ 27 ന് ആരംഭിച്ചതു മുതൽ സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും വിപുലമായ പങ്കാളിത്തത്തിനാണ് ‘ജിദ്ദ സീസൺ 2024’ സാക്ഷ്യം വഹിച്ചത്.
ഈ നേട്ടം രാജ്യത്തിന് അകത്തും പുറത്തുമുള്ള വിനോസഞ്ചാരികൾക്കും കലാസ്വാദകർക്കുമായി അവതരിപ്പിച്ച ആഘോഷ പരിപാടികളുടെ മികവും വൈവിധ്യവും ഈ മേഖലയിൽ ചെലുത്തുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. വിനോദത്തിന്‍റെയും കലയുടെയും ഒന്നിലധികം വശങ്ങൾ ഉൾക്കൊള്ളുന്ന അസാധാരണമായ അനുഭവങ്ങളാണ് സന്ദർശകർ ആസ്വദിച്ചത്. ഇത് മേഖലയിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ജിദ്ദയുടെ സ്ഥാനം ശക്തിപ്പെടുത്തിയെന്നും അധികൃതർ അവകാശപ്പെട്ടു.
വ്യത്യസ്‌തമായ നിരവധി വേദികളാണ് ഇത്തവണ സീസൺ ആഘോഷ പരിപാടികൾക്കായി ഒരുങ്ങിയിരുന്നത്. അതിലേറ്റവും ശ്രദ്ധയാകർഷിച്ചത്, പ്രത്യേകിച്ച് കുടുംബങ്ങളെയും കുട്ടികളെയും ആകർഷിച്ചച് ‘സിറ്റി വാക്ക്’ ഏരിയ ആയിരുന്നു. അതിൽ സംവേദനാത്മക അനുഭവങ്ങളും വിസ്യാനുഭവം പകരുന്ന വിവിധ ഗെയിമുകളും ഉൾപ്പെട്ടിരുന്നു. ലോക പ്രശസ്തമായ കഥകളെയും കാർട്ടൂൺ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് കുടുംബങ്ങളെ ആകർഷിച്ച ‘വാർണർ ബ്രദേഴ്സ് ഡിസ്കവറി: സെലിബ്രേറ്റ് എവരി സ്റ്റോറി’ എന്ന പരിപാടിയായിരുന്നു ഈ ഏരിയയിലെ മുഖ്യയിനം.