ലോകത്തിന് മുന്നില്‍ തങ്ങള്‍ക്കുള്ള ചീത്ത പേര് മാറ്റാനുള്ള തീവ്രശ്രമത്തിലാണ് കുറച്ച് കാലമായി താലിബാന്‍. യുഎസ് സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെ 2021 ആഗസ്റ്റ് 15 -നാണ് താലിബാന്‍ രണ്ടാമതും അഫ്ഗാനിസ്ഥാന്‍റെ അധികാരം കൈയാളുന്നത്. സ്ത്രീകള്‍ക്ക് പരിമിത സ്വാതന്ത്ര്യം മാത്രം അനുവദിച്ച് കൊണ്ടുള്ള താലിബാന്‍ ഭരണം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏതാണ്ട് ഒറ്റപ്പെട്ടു. ‘ഇസ്ലാമിക ശരീഅത്ത്’ നിയമങ്ങളാണ് രാജ്യത്തെ നിയമങ്ങളുടെ അടിസ്ഥാനെന്നും താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസമടക്കം നിഷേധിച്ചു. സ്ത്രീകള്‍ പുറത്ത് ഇറങ്ങണമെങ്കില്‍ ബന്ധുവായ ഒരു പുരുഷന്‍ ഒപ്പം വേണമെന്നതടക്കമുള്ള നിയമങ്ങളും രാജ്യത്ത് നടപ്പാക്കി. ഇതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ താലിബാന്‍, വിദേശ സഞ്ചാരികളെ അഫ്ഗാനിസ്ഥാനിലേക്ക് സ്വാഗതം ചെയ്തിരുന്നു.
സോമാലിയ-അമേരിക്കൻ ഇന്‍ഫ്ലുവന്‍സറായ ഗീൻയാദ മഡോവ്, (യഥാര്‍ത്ഥ പേര് മരിയൻ അബ്ദി) കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ സന്ദർശിക്കുകയും ആയുധധാരികളായ താലിബാന്‍ സൈന്യത്തിനൊപ്പമുള്ള ചിത്രം തന്‍റെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തത്. ചിത്രം വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടി. അതേസമയം സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഗീൻയാദ മഡോവിന്‍റെ ചിത്രത്തിന് രൂക്ഷമായാണ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാന്‍ സന്ദർശിക്കുന്നത് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നാണ് ഗീൻയാദ മഡോവ് പറഞ്ഞത്. എകെ 47 ധരിച്ച് നില്‍ക്കുന്ന താലിബാനികള്‍ക്കൊപ്പം പുഞ്ചിരിച്ച് കൊണ്ട് നില്‍ക്കുന്ന തന്‍റെ ചിത്രമാണ് മരയന്‍ അബ്ദി തന്‍റെ എക്സ് അക്കൌണ്ടിലൂടെ, ‘താലിബാനെ കണ്ടുമുട്ടി’ എന്ന കുറിപ്പോടെ പങ്കുവച്ചത്.
‘നിങ്ങളോടൊപ്പം പുഞ്ചിരിച്ച് നില്‍ക്കുന്ന ആ ആണുകള്‍ അവരുടെ സ്ത്രീകളെ വീട്ടിന് പുറത്തിറങ്ങാനോ, വിദ്യാഭ്യാസം ചെയ്യാനോ അനുവദിക്കാറില്ലെ’ന്നായിരുന്നു ഒരാള്‍ കുറിച്ചത്. ‘വിദേശ പാസ്പോര്‍ട്ടിന്‍റെ ഗുണം’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചില സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഫ്ഗാനിസ്ഥാനിലെ സുരക്ഷയെ കുറിച്ചും, വിദേശികളോടുള്ള താലിബാന്‍റെ പെരുമാറ്റത്തെ കുറിച്ചും തങ്ങളുടെ സംശയങ്ങള്‍ ഉന്നയിച്ചു. തന്‍റെ ചിത്രത്തിന് താഴെ വന്ന കുറിപ്പുകള്‍ക്ക് മറുപടിയായി മരിയൻ അബ്ദി മറ്റൊരു ട്വീറ്റില്‍, താന്‍ എന്തിന് അഫ്ഗാനിസ്ഥാന്‍ ഒഴിവാക്കണമെന്നും വിദേശ വിനോദസഞ്ചാരി എന്ന നിലയിൽ എനിക്ക് രാജ്യം കാണാൻ താൽപ്പര്യമുണ്ടെന്നും അതൊരു തെറ്റാവുന്നതെങ്ങനെ എന്നും ചോദിച്ചു. മറ്റ് യൂട്യൂബർമാർ അവിടെ നിന്നും ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുനന്നു. പിന്നെ എന്തിനാണ് തന്നെ വ്യത്യസ്തമായി പരിഗണിക്കുന്നതെന്നും അവര്‍ ചോദിച്ചു. അതേസമയം താലിബാന്‍ ഭരണത്തിന്‍ കീഴിലുള്ള അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും ‘ലിംഗ വർണ്ണവിവേചനം’ ശക്തമാണെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. അടുത്തിടെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകള്‍ സ്പെയിനില്‍ തങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാനായി തുടർ പഠനത്തിന് ചേര്‍ന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.