തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണർ പദവിയിലിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും ബിജെപിയുടെ തിരുവനന്തപുരം വക്താവാണ് ഗവർണറെന്നും സതീശൻ വിമർശിച്ചു. സ്വന്തം കാര്യം നടക്കാൻ അഞ്ച് പാർട്ടി മാറിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ നിലയ്ക്ക് നിർത്താൻ സർക്കാർ തയ്യാറാകണമെന്നും ഗവർണറുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ട് പഠിക്കണമെന്ന ഗവർണറുടെ ഉപദേശത്തിനും സതീശൻ മറുപടി പറഞ്ഞു. മഹാത്മാ ഗാന്ധിയേയും ജവഹർലാൽ നെഹ്റുവിനേയും പോലെ കോൺഗ്രസിലെ മഹാൻമാരായ നേതാക്കളുടെ നല്ല വശങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ഉപദേശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നയാളാണ്. എന്നാൽ ഒരുകാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേൾക്കില്ല. എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ട് വെറുതെ ഇരുന്നാലും ശരി ഗവർണറാകുന്നതിന് മുൻപ് അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.