കൊച്ചി: പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് ഹർജി നൽകിയത്. എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണ്. ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണിത്. അതിനാൽ ദേശീയ സംസ്ഥാന അന്വേഷണ എജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
അതേസമയം, ഹർജി അനവസരത്തിലുള്ളതാണെന്നും ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഹൈക്കോടതി തളളിയത്. അതിനിടെ, അൻവർ നടത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും പത്തനംതിട്ടയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം എഡിജിപി അജിത് കുമാറിനെ മാറ്റിനിര്‍ത്തിയാവണം എന്ന അന്‍വറിന്റെ ആവശ്യത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ‘അത് അന്‍വറിന്റെ മാത്രം ആവശ്യമാണ്, സര്‍ക്കാരിന് ആ അഭിപ്രായമില്ല’-എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവിന്റെ വാക്ക് ആരും വിശ്വസിക്കില്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ വെളിപ്പെടുത്തലില്‍ നിയമപരമായ നടപടി എടുത്തതായി മന്ത്രി വ്യക്തമാക്കി. അന്‍വര്‍ ആണോ ശരി, ശശി ആണോ ശരി എന്ന ചോദ്യത്തിന്, ‘അതൊക്കെ അന്വേഷണത്തിന് ശേഷം തെളിയും, കാത്തിരിക്കൂ’ എന്നും അദ്ദേഹം മറുപടി നല്‍കി.