അഞ്ചൽ: കൊല്ലം അഞ്ചൽ ഫോറസ്റ്റ് റേഞ്ച് പരിധിയിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വിതുര കല്ലാർ സ്വദേശി വിജയൻ, ഒറ്റശേഖരമംഗലം സ്വദേശി അജിത ഭായി എന്നിവരാണ് വനം വകുപ്പിൻ്റെ പിടിയിലായത്. ഒളിവിലുള്ള കൂട്ടുപ്രതിക്കായി വനംവകുപ്പ് അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ചോഴിയക്കോട്, അരിപ്പ ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്.
വനം വകുപ്പിന്‍റെ അഞ്ചല്‍ റേഞ്ച് പരിധിയിലായിരുന്നു മോഷണം. മഴയായിരുന്നതു കൊണ്ട് രാവിലെയാണ് വീട്ടുകാർ മോഷണം നടന്ന വിവരം അറിഞ്ഞത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണ് വിതുര കല്ലാർ സ്വദേശികളായ വിജയൻ, രതീഷ് എന്നിവർ ചേർന്നാണ് മരങ്ങൾ മുറിച്ച് കടത്തിയതെന്ന് കണ്ടെത്തിയത്. വിജയനെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് ഇടനിലക്കാരിയായ അജിതാ ഭായിയെ കുറിച്ച് വനംവകുപ്പിന് വിവരം ലഭിച്ചത്.
വൻ ചന്ദനമര കടത്ത് സംഘത്തിലെ ചെറിയ കണ്ണികളാണ് പിടിയിലായ പ്രതികളെന്ന് വനം വകുപ്പ് പറയുന്നു. ഒറ്റശേഖരമംഗലം സ്വദേശിയായ അജിതാ ഭായി വഴിയാണ് മരങ്ങളുടെ വിൽപന നടത്തിയിരുന്നത്. വിജയൻ പിടിയിലായതറിഞ്ഞ് രതീഷ് രക്ഷപ്പെട്ടെന്നാണ് നിഗമനം. ഒളിവിൽ കഴിയുന്ന പ്രതിക്കായി തെരച്ചിൽ വ്യാപിപ്പിച്ചു. ചിതറയിൽ അടുത്തിടെ നടന്ന മറ്റൊരു മോഷണത്തിന് പിന്നിലും ഇവരാണ് വനം വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. ചന്ദനമര കടത്ത് സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം വിപുലീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.