ലണ്ടൻ: വിമാനത്തിനുള്ളില്‍ നടക്കുന്ന അസാധാരണ സംഭവങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ വിമാനത്തിലുള്ളവരുടെ ജീവന് വരെ ഭീഷണിയാകുന്ന രീതിയില്‍ യാത്രക്കാര്‍ അപകടകരമായി പെരുമാറുന്നത് ഗൗരവകരമാണ്. അത്തരമൊരു കാര്യം ആണ് ഈസിജെറ്റ് വിമാനത്തിനുള്ളില്‍ സംഭവിച്ചത്.
ഗ്രീസിലെ കോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഈസിജെറ്റിന്‍റെ എയര്‍ബസ് എ320. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍റെ അസാധാരണമായ പെരുമാറ്റം ചില്ലറ പൊല്ലാപ്പൊന്നുമല്ല ഉണ്ടാക്കിയത്. ഒടുവില്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നു. പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ചൊവ്വാഴ്ച ലണ്ടനിലെ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 3.30നാണ് വിമാനം പുറപ്പെട്ടത്. പറന്നുയര്‍ന്ന് 30,000 അടി ഉയരത്തിലെത്തിയപ്പോളാണ് മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ പ്രശ്നങ്ങളുണ്ടാക്കി തുടങ്ങിയത്.
കോക്പിറ്റിനകത്ത് കടന്നുകൂടാന്‍ ശ്രമിച്ച യാത്രക്കാരന്‍ പൈലറ്റിനെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് എക്സിറ്റ് ഡോര്‍ തുറക്കാനും ഇയാള്‍ ശ്രമിച്ചു. വളരെ പ്രയാസപ്പെട്ടാണ് യാത്രക്കാരനെ വിമാന ജീവനക്കാര്‍ പിടിച്ചു നിര്‍ത്തിയത്. ഏറെ നേരെ വിമാനത്തിനുള്ളില്‍ ഇയാള്‍ പല തരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതോടെ യാത്രക്കാരില്‍ പലരും ക്ഷുഭിതരായി. ഒടുവില്‍ പൈലറ്റിന് വിമാനം മ്യൂണിച്ച് എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കേണ്ട അവസ്ഥ വന്നു.
വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍റെ മോശം പെരുമാറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ വിമാനത്തില്‍ നിന്ന് ജര്‍മ്മന്‍ പൊലീസെത്തി ഇയാളെ പിടികൂടി. തുടര്‍ന്ന് ഈസിജെറ്റ് എയര്‍ലൈന്‍ എമര്‍ജന്‍സി ലാന്‍ഡിങിന്‍റെ കാരണം അറിയിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു. യാത്രക്കാരന്‍റെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധമുള്ള മോശം പെരുമാറ്റം കാരണമാണ് ലാന്‍ഡിങ് നടത്തിയതെന്നും യാത്രക്കാരുടെ സുരക്ഷയാണ് എയര്‍ലൈന് മുന്‍ഗണനയെന്നും ഈസിജെറ്റ് അറിയിച്ചു. എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് താമസ സൗകര്യങ്ങളും ഭക്ഷണവും ഏര്‍പ്പെടുത്തിയെന്നും പിറ്റേ ദിവസം ഇവര്‍ ഗ്രീസിലേക്കുള്ള യാത്ര പുനരാരംഭിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു. തങ്ങളുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ഒരു സംഭവം അല്ലെന്നും എങ്കിലും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.