തൃശൂര്‍: എട്ടുവയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതിയാണ് ശിക്ഷിച്ചത്. ജഡ്ജ് വി വീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. 2018 ജൂണ്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പലതവണ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയയാക്കിയെന്നാരോപിച്ച് ചാലക്കുടി പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ ചാലക്കുടി സ്വദേശി സന്തോഷിനെതിരെയാണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ തെളിവുകളായി നല്‍കുകയും ചെയ്തിരുന്നു. ചാലക്കുടി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.കെ. ബാബു രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായിരുന്ന ബി.കെ. അരുണ്‍, കെ.എസ്. സന്ദീപ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ ടി.ആര്‍. രജിനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
പോക്‌സോ നിയമത്തിന്റെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റേയും വിവിധ വകുപ്പുകള്‍ പ്രകാരം 43 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 15 മാസം കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും പ്രതി റിമാന്റ് കാലയളവില്‍ ജയിലില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയില്‍ ഇളവ് നല്‍കുവാനും വിധിയില്‍ നിര്‍ദേശമുണ്ട്.