കെന്റക്കി: ദേശീയ പാതയിൽ അതിവേഗത്തിൽ പോകുന്നതിനിടെ വാഹനങ്ങൾക്ക് നേരെ വെടിയുതിർത്ത് അജ്ഞാതൻ. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് വെടിവയ്പ് നടന്നത്. സിറ്റി ഓഫ് ലണ്ടന് സമീപത്തെ ദേശീയ പാതയിലായിരുന്നു അജ്ഞാതൻ നിരവധി വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്റർ സ്റ്റേറ്റ് 75ൽ നിന്നാണ് പരിക്കേറ്റ ആളുകൾ പൊലീസ് സഹായം തേടിയത്. പരിക്കേറ്റ ഏഴ് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അജ്ഞാതനായ അക്രമിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായുമാണ് ലണ്ടൻ മേയർ റണ്ടാൽ വെഡിൽ വിശദമാക്കുന്നത്. ആളുകൾക്ക് പരിക്കേറ്റതല്ലാതെ ആളപായം സംഭവിച്ചിട്ടില്ലെന്നാണ് മേയർ വിശദമാക്കുന്നത്. വെടിയൊച്ച കേട്ട് വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സംഭവങ്ങളും വെടിവയ്പിന് പിന്നാലെയുണ്ടായി. 32 വയസുള്ള അക്രമിയെന്ന് സംശയിക്കുന്ന ജോസഫ് എ കൌച്ച് എന്നയാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
അക്രമിയുടെ കൈവശം ആയുധമുള്ളതിനാൽ ആളുകൾ സൂക്ഷിക്കണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ദേശീയ പാതയ്ക്ക് സമീപത്തെ മരങ്ങൾക്കിടയിൽ നിന്നാണ് വെടിവയ്പുണ്ടായതെന്നാണ് ആക്രമിക്കപ്പെട്ടവർ വിശദമാക്കുന്നത്. മിക്ക വാഹനങ്ങളുടെ ചില്ലുകളും വെടിയേറ്റ് തകർന്ന നിലയിലാണുള്ളത്. സംഭവത്തിന് പിന്നാലെ അടച്ച ദേശീയ പാത മണിക്കൂറുകൾക്ക് ശേഷമാണ് യാത്രക്കാർക്ക് തുറന്ന് നൽകിയത്.
മേഖലയിലെ ആളുകളോട് അക്രമി പിടിയിലാവുന്നത് വരെ പുറത്തിറങ്ങരുതെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ദാനിയൽ ബോൺ നാഷണൽ ഫോറസ്റ്റിന് സമീപത്തുള്ള ചെറുനഗരമായ ലണ്ടനി ഏകദേശം 8000 പേരാണ് താമസിക്കുന്നത്.