തിരുവനന്തപുരം : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന കേരള ഗവർണറുടെ നയപ്രഖ്യാപനത്തിലെ പരാമർശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലൂടെ തമിഴ്നാട് ഉന്നമിടുന്നത് അണക്കെട്ടിൽ കേന്ദ്ര ജലകമ്മിഷന്റെ പരിശോധന തടയാനുള്ള നീക്കമെന്നു സൂചന. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന അനിവാര്യമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ജലകമ്മിഷൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ തമിഴ്നാട് വെട്ടിലായിരിക്കുകയാണ്. പരിശോധന നടത്തിയാൽ ഡാമിലെ ചോർച്ചയെക്കുറിച്ചുള്ള നിജസ്ഥിതി പുറത്താകുമോയെന്ന ഭീതിയാണ് തമിഴ്നാടിന്. ജലകമ്മിഷന്റെ പരിശോധനയിലൂടെ വസ്തുത പുറത്തു വന്നാൽ പുതിയ ഡാം നിർമാണത്തിന് അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് കേരളം.
പുതിയ അണക്കെട്ട് നിർമിക്കാനുള്ള പദ്ധതികൾ കേരളം ഏകപക്ഷീയമായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നും പൂർണമായും എതിർക്കുമെന്നും തമിഴ്നാട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് ഉയർത്തുന്ന ഭീഷണി വകവയ്ക്കേണ്ടതില്ലെന്നും പുതിയ അണക്കെട്ട് എന്ന പ്രഖ്യാപിത നിലപാടുമായി മുന്നോട്ടുപോകാനുമാണ് സംസ്ഥാന ജലവിഭവ വകുപ്പിന്റെ തീരുമാനം. നയപ്രഖ്യാപനത്തിന്റെ പേരിൽ തമിഴ്നാട് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരാഞ്ഞിരുന്നു. തമിഴ്നാട് സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കിൽ, സ്ഥിതി വിലയിരുത്തിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് കേരളത്തിന്റെ തീരുമാനം. തമിഴ്നാടിന്റെ നീക്കങ്ങൾ സുപ്രീം കോടതിയുടെയും മേൽനോട്ട സമിതിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതും കേരളത്തിന്റെ പരിഗണനയിലുണ്ട്.