ബെംഗളൂരു : കർണാടകയിൽ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ച 58 മുസ്‌ലിം വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു. ശിവമൊഗ്ഗ ഷിരളക്കൊപ്പ ഗവ. പ്രീയൂണിവേഴ്സിറ്റി കോളജിലെ നടപടി വിവാദമായതിനെ തുടർന്ന്, വാക്കാൽ പറഞ്ഞതേ ഉള്ളൂ എന്ന വിശദീകരണവുമായി കലക്ടർ രംഗത്തെത്തി. പൊലീസ് ഇടപെട്ടു പ്രതിഷേധക്കാരെ പിരിച്ചയച്ചു. അതേസമയം, ഹിജാബ് ധരിച്ച് ക്ലാസിലിരിക്കാൻ അവസരമൊരുക്കി മൈസൂരുവിലെ ഒരു സ്വകാര്യ കോളജ് യൂണിഫോം ചട്ടം റദ്ദാക്കി. യൂണിഫോം ചട്ടമുള്ളിടത്തു മതവേഷം പാടില്ലെന്ന സർക്കാർ ഉത്തരവിനെ മറികടക്കാനാണു കോളജ് വികസന സമിതി ഈ തീരുമാനമെടുത്തത്. പലയിടങ്ങളിലും ഹിജാബ് സമരം തുടരുകയാണ്.
അതിനിടെ, ഹിജാബ് വിലക്കിനെ അനുകൂലിച്ച് രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി കെ.എസ്.ഈശ്വരപ്പയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു നിയമസഭയിൽ കോൺഗ്രസിന്റെ രാപകൽ പ്രതിഷേധം 3 ദിവസം പിന്നിട്ടു.