ജയ്പൂർ: കാൺപൂരിന് പിന്നാലെ രാജസ്ഥാനിലും ട്രെയിൻ അട്ടിമറി ശ്രമം. രാജസ്ഥാനിലെ അജ്മീറിൽ റെയിൽവേ ട്രാക്കിൽ സിമന്‍റ് കട്ടകൾ കണ്ടെത്തി. 70 കിലോഗ്രം വീതം ഭാരമുള്ള രണ്ട് സിമന്‍റ് കട്ടകളാണ് കണ്ടെത്തിയത്. ഗുഡ്സ് ട്രെയിൻ ഈ സിമന്‍റ് കട്ടകളിൽ തട്ടിയെങ്കിലും അപകടമില്ലാതെ മുന്നോട്ട് നീങ്ങി. റെയിൽവേ ട്രാക്കിൽ സിമന്‍റ് കട്ടകൾ കൊണ്ടുപോയി ഇട്ടത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സിമന്‍റ് കട്ട കണ്ടെത്തിയത്. സംഭവത്തിൽ റെയിൽവേ ജീവനക്കാർ നൽകിയ പരാതിയിൽ റെയിൽവേ ആക്ട് പ്രകാരവും പൊതുസ്വത്ത് നശിപ്പിക്കുന്നതിനെതിരായ നിയമ പ്രകാരവും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ട്രാക്കിൽ സിമന്‍റ് കട്ട കണ്ടതായി റെയിൽവേ ജീവനക്കാർക്ക് വിവരം ലഭിക്കുകയായിരുന്നു. സ്ഥലത്ത് തിരച്ചിൽ നടത്തിയപ്പോൾ സിമന്‍റ് കട്ടകൾ തകർന്ന നിലയിൽ കണ്ടെത്തി. അപ്പോഴേക്കും ഒരു ട്രെയിൻ കടന്നുപോയിരുന്നു. അതേ റെയിൽവേ ട്രാക്കിൽ കുറച്ച് അകലെയായി വീണ്ടും സിമന്‍റ് കട്ട കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാണ്‍പൂരിലും ട്രെയിന്‍ അട്ടിമറി ശ്രമം നടന്നു. എല്‍പിജി സിലിണ്ടറും പെട്രോള്‍ നിറച്ച കുപ്പിയും ഉപയോഗിച്ചായിരുന്നു ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം നടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി. ദില്ലിയില്‍ നിന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും എത്തും. ആയിരത്തിലേറെ പേർ യാത്ര ചെയ്യുന്ന കാളിന്ദി എക്സ്പ്രസ്, പ്രയാഗ്‍രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള യാത്രക്കിടെയാണ് അട്ടിമറി ശ്രമം നടന്നത്. ഇന്നലെ പുലർച്ചെയോടെയാണ് സംഭവം നടന്നത്. യാത്രയിക്കിടെ പാളത്തിലെ എല്‍പിജി സിലിണ്ടര്‍ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും വളരെ അടുത്തായിരുന്നതിനാൽ ട്രെയിന്‍ നിൽക്കാതെ സിലിണ്ടറില്‍ ഇടിച്ചു. പിന്നാലെ പതിയെ ട്രെയിൻ നിർത്താനായതോടെ വലിയ അപകടം ഒഴിവായി. അട്ടിമറി ശ്രമം ലോക്കോ പൈലറ്റ് അധികൃതരെ അറിയിച്ചു. ഉടനടി റെയിൽവേ പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്തെത്തി.
ഉത്തർപ്രദേശിൽ ഇതിന് മുൻപും സമാനമായ സംഭവങ്ങൾ നടന്നതിനാൽ സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ജാഗ്രതയിലാണ്. ആസൂത്രിത അട്ടിമറി ശ്രമമാണോ എന്ന് അന്വേഷിക്കാൻ ദില്ലിയില്‍ നിന്ന് എന്‍ഐഎ സംഘവും കാണ്‍പൂരിൽ എത്തും.