ഹനോയി: പാലവും പാലത്തിലുണ്ടായിരുന്ന ട്രെക്ക് അടക്കമുള്ള വാഹനങ്ങളും നദിയിലേക്ക് വീഴ്ത്തി യാഗി കൊടുങ്കാറ്റ്. വൻ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് തൊട്ട് പിന്നിലുണ്ടായിരുന്ന കാർ. വിയറ്റ്നാമിനെ തച്ചുടച്ച കൊടുങ്കാറ്റ് യാഗിയുടെ ഭീകര വ്യക്തമാക്കുന്ന ദൃശ്യമാണ് കാറിന്റെ ഡാഷ് ക്യാമറയിൽ നിന്ന് പുറത്ത് വന്നിട്ടുള്ളത്. ഏഷ്യയിൽ ഈ വർഷമുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗി വിതച്ച ദുരന്തങ്ങളെ നേരിടുകയാണ് വിയറ്റ്നാം. അതിനിടയിലാണ് വടക്കൻ വിയറ്റ്നാമിലെ തിരക്കേറിയ പാലം ചുഴലിക്കാറ്റിൽ നദിയിലേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്.
ഫു തോ പ്രവിശ്യയിലെ ഫോംഗ് ചൌ പാലമാണ് തകർന്ന്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ട്രെക്ക് അടക്കം നിരവധി വാഹനങ്ങളാണ് പാലത്തിനൊപ്പം കുതിച്ചൊഴുകുന്ന നദിയിലേക്ക് പതിച്ചത്. നദിയിൽ കാണാതായ 13 പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അധികൃതർ. കഴിഞ്ഞ 30 വർഷത്തിനിടയിൽ വിയറ്റ്നാമിലുണ്ടായതും ഏഷ്യയിൽ ഈ വർഷമുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗി മണിക്കൂറിൽ 203 കിലോമീറ്ററിലേറെ വേഗതയിലാണ് ശനിയാഴ്ച രാവിലെ വടക്കൻ വിയറ്റ്നാമിൽ കരതൊട്ടത്.
പത്ത് കാറുകളും 2 സ്കൂട്ടറും ട്രക്കും അടക്കമുള്ള വാഹനങ്ങളാണ് ചുവന്ന നദിയിലേക്ക് പാലം തകർന്ന് പതിച്ചത്. മൂന്ന് പേരെയാണ് നദിയിൽ നിന്ന് രക്ഷിക്കാനായത്.1230 അടി നീളമുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. സൈന്യം ഈ മേഖലയിൽ പാലത്തിലെ വിടവ് നികത്താനായി പൊന്തൂൺ ബ്രിഡ്ജ് നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർത്തും മരങ്ങൾ കടപുഴക്കിയതും അടക്കം വലിയ രീതിയിലുള്ള നഷ്ടമാണ് വിയറ്റ്നാമിൽ സംഭവിച്ചത്. വിയറ്റ്നാമിന്റെ തീര നഗരങ്ങളിൽ നിന്ന് മാത്രം അൻപതിനായിരത്തിലേറ പേരെയാണ് മാറ്റി പാർപ്പിക്കേണ്ടി വന്നിട്ടുള്ളത്. 1.5 മില്യൺ ആളുകൾക്കാണ് ചുഴലിക്കാറ്റിന് പിന്നാലെ വൈദ്യുതി ബന്ധം നഷ്ടമായത്. നിലവിൽ ചെറിയ തോതിൽ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് വിയറ്റ്നാമിലുണ്ടായത്. ഇതിനോടകം 240 പേരോളമാണ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളിൽ പരിക്കേറ്റത്.