കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി. പുലർച്ചെയാണ് ഓട് പൊളിച്ച് മാറ്റി പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് ഇവിടെ നിന്ന് ചാടിപ്പോകുന്നത്. നേരത്തെയും അഞ്ചാം വാർഡിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിന്റെ കൊലപാതകം നടന്നത് വാർഡ് 5 ലെ സെൽ നമ്പർ 10 ലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ജിയ റാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്.
ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.ബുധനാഴ്ച വൈകിട്ട് ജിയ റാം ജിലോട്ടും കൊൽക്കത്ത സ്വദേശിനിയായ മറ്റൊരു അന്തേവാസിയും തമ്മിൽ സെല്ലിനുള്ളിൽ സംഘർഷം ഉണ്ടായിരുന്നു. കൊൽക്കത്ത സ്വദേശിനിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ അവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി ചികിത്സ നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ജിയ റാം മരിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് അധികൃതർ അറിഞ്ഞത്.