തിരുവനന്തപുരം : പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്ക് അംഗത്വം നല്‍കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മെമ്പര്‍ഷിപ്പ് ആവശ്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പാര്‍ട്ടി പരിഗണിക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഐഎന്‍എല്‍ സമാന്തര യോഗം ചേര്‍ന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു അബ്ദുള്‍ വഹാബ് വിളിച്ച സംസ്ഥാന കൗണ്‍സിലില്‍ 24 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും തന്നെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റുക എന്നത് എതിര്‍പക്ഷത്തിന്റെ ആഗ്രഹം മാത്രമാണെന്നും തനിക്ക് എല്‍ഡിഎഫിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു.
അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടാനാണ് ഐഎന്‍എല്‍ വഹാബ് പക്ഷത്തിന്റെ നീക്കം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. മുന്‍ പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബിനെയും ഒപ്പമുള്ളവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് മറുപക്ഷത്തിന്റെ നീക്കം. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയെയും ഇടതുമുന്നണി നേതൃത്വത്തെയും വഹാബ് പക്ഷം കാണും. ഒറ്റ പാര്‍ട്ടിയായി തുടര്‍ന്നാലേ ഐഎന്‍എല്‍ മുന്നണിയില്‍ ഉണ്ടാകൂ എന്നാണ് എല്‍ഡിഎഫ് നേതൃത്വം നേരത്തെ നല്‍കിയ മുന്നറിയിപ്പ്.