തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിർവഹണത്തിലെ ക്രമക്കേടുകളടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ എഡിജിപി എംആർ അജിത്ത് കുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകുന്നു. പൊലീസ് ആസ്ഥാനത്ത് കേസിൻ്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസിൻ്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പർജൻ കുമാർ, എസ്‌പിമാരായ മധുസൂദനൻ എന്നിവരും സ്ഥലത്തുണ്ട്.
ആദ്യം ഐജി സ്പർജൻ കുമാർ എഡിജിപിയുടെ മൊഴിയെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തനിക്കെതിരായ അന്വേഷണത്തിൽ തന്നേക്കാൾ ജൂനിയറായ ഐജി സ്‌പർജൻ കുമാറിനെ മൊഴിയെടുക്കാൻ നിയമിച്ചതിനെതിരെ ഡിജിപിക്ക് എഡിജിപി കത്ത് നൽകിയിരുന്നു. ഐജി സ്പർജൻ കുമാറിന് മുന്നിൽ മൊഴി നൽകില്ലെന്നും ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പിന്നീടാണ് അജിത് കുമാറിൻ്റെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ ഡിജിപി തീരുമാനിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എഡിജിപി ഇന്ന് പൊലീസ് ആസ്ഥാനത്ത് എത്തിയത്. അതേസമയം അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനമടക്കം 5 ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. സംസ്ഥാന സർക്കാർ ഈ ശുപാർശ വിജിലൻസിന് കൈമാറിയാൽ ആരോപണങ്ങളിൽ വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും.