തിരുവനന്തപുരം : ഡീസല്‍ വിലവര്‍ധന കെഎസ്ആർടിസിക്ക് താങ്ങാനാവില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു. ഐഒസിയില്‍നിന്നു ബള്‍ക്ക് പര്‍ച്ചേസ് നടത്തില്ല. സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കും. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയാണ് പൊതുഗതാഗത മേഖല നേരിടുന്നത്. ഓരോ രൂപയും കെഎസ്ആർടിസിക്കു നിർണായകമാകുന്ന ഘട്ടത്തിൽ കണക്കൂകൂട്ടലുകൾ തെറ്റിച്ചു കൊണ്ടാണ് ഇന്ധനത്തിന്റെ ബൾക്ക് പർച്ചേസിൽ ഭീമമായ വർധന രാജ്യത്താകെ വരുത്താൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനെ എങ്ങനെ അതിജീവിക്കും എന്നത് വളരെ സങ്കീർണമാണ്. കേരളത്തിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് സ്വകാര്യ പമ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.
സാധാരണ ഗതിയിൽ സ്വകാര്യ പമ്പുകളിൽ കൊടുക്കുന്നതിനേക്കാൾ മൂന്നു–നാലു രൂപ കുറച്ചാണു ബൾക്കായി പർച്ചേസ് എടുക്കുന്നവർക്കു നൽകിക്കൊണ്ടിരുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കു നൽകുന്ന ഇന്ധനത്തിന്റെ വില കൂട്ടാൻ കഴിയാത്തതിനാൽ ബോധപൂർവം ബൾക്ക് പർച്ചേസ് നടത്തുന്നവരെ പ്രതിസന്ധിയിലാക്കുകയാണ്. പ്രതിദിനം ഏതാണ്ട് 12 ലക്ഷം രൂപയാണ് അധികമായി കെഎസ്ആർടിസിക്ക് കണ്ടെത്തേണ്ടി വരുന്നത്. അങ്ങനെയാകുമ്പോൾ ഒരു വർഷം ഏതാണ്ട് 40 കോടിയോളം രൂപ അധികം കണ്ടെത്തേണ്ടി വരും. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് സുപ്രീം കോടതിയെ സമീപിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി. അതിന്റെ നടപടികളുമായി മുന്നോട്ടു പോകുകയാണ്’– ആന്റണി രാജു പറഞ്ഞു.