ദില്ലി: മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിൽ 1 മുതൽ അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇഡി കേസിൽ സുപ്രീം കോടതി നേരത്തെ തന്നെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 26 നാണ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിലിരിക്കേ സിബിഐ അറസ്റ്റ് ചെയ്തത്.
ജാമ്യം അനുവദിക്കുന്ന വേളയിൽ ഡൽഹി മുഖ്യമന്ത്രി പാലിക്കേണ്ട ചില വ്യവസ്ഥകൾ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ നിലവിലുള്ള നടപടികളുമായി ബന്ധപ്പെട്ട് പരസ്യമായ പ്രസ്താവനകളോ അഭിപ്രായങ്ങളോ നടത്തരുതെന്ന് അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഔദ്യോഗികമായി ഇളവ് അനുവദിച്ചില്ലെങ്കിൽ വിചാരണ കോടതിക്ക് മുമ്പാകെയുള്ള എല്ലാ ഹിയറിംഗുകളിലും അദ്ദേഹം ഹാജരാകേണ്ടതുണ്ട്. ജാമ്യത്തിലിറങ്ങിയാൽ കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ഓഫീസിലോ ദില്ലി സെക്രട്ടേറിയറ്റിലോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല, കെജ്രിവാളിന് ഔദ്യോഗിക ഫയലുകളിൽ ഒപ്പിടാൻ കഴിയില്ല തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.
ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണ് ജഡ്ജിമാര്‍ വിധി പറഞ്ഞത്. കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളില്‍ അപാകതകളില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 41-ാം വകുപ്പിലെ ഉത്തരവുകള്‍ പാലിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന വാദത്തില്‍ കഴിമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.