സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഫലമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മ സംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. എന്നാല്‍ രാവിലെ വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിക്കാന്‍ പാടില്ലെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്.
ഓറഞ്ച് ജ്യൂസ് അസിഡിക് ആയതുകൊണ്ടുതന്നെ രാവിലെ വെറും വയറ്റില്‍ ഇവ കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഓറഞ്ച് ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് നെഞ്ചെരിച്ചില്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമാകും. പതിവായി രാവിലെ വെറും വയറ്റില്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരില്‍ ഭാവിയില്‍ അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വരെയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇതൂകൂടാതെ ഫ്രക്ടോസ് ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാനും കാരണമാകും. പല്ലുകളുടെ ആരോഗ്യത്തിനും ഇവ രാവിലെ കുടിക്കുന്നത് നന്നല്ല.
അറിയാം ഓറഞ്ച് ജ്യൂസിന്റെ ഗുണങ്ങള്‍:
ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം, കാത്സ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ദിവസം ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് വൃക്കകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. ഇത് മുഖത്തിന് ഇലാസ്തികത നൽകുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ചര്‍മ്മം യുവത്വമുള്ളതാക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.