കൊച്ചി: വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ മരണത്തിൽ വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പൊലീസിന് വീഴ്ച പറ്റിയ 3 കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. മിഷേൽ ചാടിയത് ഏത് പാലത്തിൽ നിന്നാണെന്ന് വീണ്ടും വിലയിരുത്തും. സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാനും ശ്രമിക്കും. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും രംഗത്തെത്തിയിരുന്നു. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽ നിന്നും കണ്ടെത്തുകയായിരുന്നു.
അതേസമയം, മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്‍റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.