ബെംഗളൂരു: ബെംഗളൂരുവിലെ ശോച്യാവസ്ഥയിലുള്ള റോഡുകൾ നന്നാക്കാൻ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ 15 ദിവസത്തെ സമയപരിധി നൽകിയതിന് പിന്നാലെ, ബിബിഎംപി ഏകദേശം 6,000 കുഴികൾ നികത്തുകയും 32,200 ചതുരശ്ര മീറ്റർ തകർന്ന റോഡ് നന്നാക്കുകയും ചെയ്തെ്നന് അറിയിച്ചു. രണ്ട് ദിവസത്തിനകം റോഡിലെ കുഴികളെക്കുറിച്ചുള്ള പരാതികൾക്ക് പരിഹാരമാകുമെന്ന് ബിബിഎംപി അധികൃതർ ഉറപ്പുനൽകി.അതേസമയം, മഴ പെയ്താൽ കുഴികൾ ഉണ്ടാകുമെന്നും അറിയിച്ചു. ‘രാസ്തെ ഗുണ്ടി ഗമന’ ആപ്പ് വഴി 1,300 ഓളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും 300 ഓളം കുഴികളുമായി ബന്ധമില്ലാത്തവയാണെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു. കുഴിയുമായി ബന്ധപ്പെട്ട ബാക്കിയുള്ള പ്രശ്നങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇൻ്റീരിയർ റോഡുകളിലെ കുഴികൾ നന്നാക്കാൻ പ്രതിവർഷം 15 ലക്ഷം രൂപ വീതം ഓരോ വാർഡിനും ബിബിഎംപി അനുവദിച്ചിട്ടുണ്ട്.
പ്രധാന റോഡുകൾക്കായി 15 കോടി രൂപ അധികമായി നീക്കിവച്ചതോടെ ആകെ 45 കോടി രൂപ കുഴിയടക്കാൻ മാത്രം നീക്കിവെച്ചു. ഇതുവരെ 15 കോടിയോളം രൂപ ചെലവഴിച്ചു. മെട്രോ നിർമാണം നടക്കുന്ന ഔട്ടർ റിങ് റോഡിലെ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണി ബിബിഎംപിക്കാണെന്നും ഗിരിനാഥ് ചൂണ്ടിക്കാട്ടി. മെട്രോ ഉദ്യോഗസ്ഥരാണ് പ്രധാന പാതകൾ നിയന്ത്രിക്കുന്നത്.