കോട്ടയം : വൈദ്യപരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി ബിജീഷിനെയാണ് ശനിയാഴ്ച രാത്രി കോട്ടയം വെസ്റ്റ് പോലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ നവംബർ 24-ാം തീയതിയാണ് ബിജീഷ് വൈദ്യപരിശോധനയ്ക്കിടെ കോട്ടയം ജനറൽ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടത്. പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ സുഖമില്ലെന്ന് പറഞ്ഞതിനെതുടർന്നാണ് ബിജീഷിനെ ആശുപത്രിയിൽ എത്തിച്ചത്.
കൂടെ മറ്റൊരു കേസിലെ പ്രതിയെയും ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് ബിജീഷ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ആശുപത്രിയുടെ പിറകുവശത്തെ മതിൽ ചാടിക്കടന്ന ബിജീഷ്, കോട്ടയത്തുനിന്ന് ഓട്ടോറിക്ഷ വിളിച്ച് ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. പിന്നീട് ആലപ്പുഴയിൽനിന്ന് ബസ് മാർഗം ബെംഗളൂരുവിലും എത്തി. ഇവിടെ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് ശനിയാഴ്ച രാത്രി ഇയാളെ പിടികൂടിയത്.
ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ബിജീഷ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്. നേരത്തെ പലതവണ സുഖമില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ബിജീഷിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഈ സമയത്തെല്ലാം ആശുപത്രിയിലെ വഴികളും മറ്റും ഇയാൾ മനസിലാക്കിയെന്നാണ് കരുതുന്നത്. നവംബർ 24-ന് അവസരം ഒത്തുവന്നപ്പോൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിലെ പ്രതിയാണ് ബിജീഷ്. ഞായറാഴ്ച കോട്ടയത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.