തലച്ചോറിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്ന നാഡീവ്യൂഹ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ഡിമെന്‍ഷ്യ. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ. പ്രായമാകുമ്പോഴാണ് ഡിമന്‍ഷ്യ പലരിലും കണ്ടുവരാറുള്ളത്.
ഓർമ്മക്കുറവ് അഥവാ ചിന്തിക്കാനുള്ള ബുദ്ധിമുട്ടുകൾ, ഒന്നും ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുക, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയവയാണ് ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ.
ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം:
1. ഇലക്കറികൾ
ഇലക്കറികളിൽ വിറ്റാമിനുകളായ സി, ബി, കെ, ഇ, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാനും ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും സഹായിക്കും. അതിനാല്‍ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. ബെറിപ്പഴങ്ങള്‍
ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറികളിൽ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഡിമെൻഷ്യ സാധ്യത കുറയ്ക്കാന്‍ ഇവ സഹായിക്കും.
3. ഫാറ്റി ഫിഷ്
സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്.
4. നട്സ്
ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ് നട്സുകള്‍. ഇവയെല്ലാം ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കാം.
5. മുഴുധാന്യങ്ങൾ
നാരുകൾ, വിറ്റാമിനുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ് ധാന്യങ്ങൾ. ഇവയും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
6. മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി- ഇൻഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും.
7. ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.