തൃശൂര്‍: തൃശൂര്‍ ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ രണ്ടു ദിവസമായി നടത്തിവന്നിരുന്ന സ്വകാര്യ ബസ് പണിമുടക്കുസമരം മാറ്റിവച്ചു. വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ അനിശ്ചിതകാല സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കല്‍ മാറ്റിവച്ചതായി ബസുടമസ്ഥ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എംഎസ് പ്രേംകുമാര്‍ അറിയിച്ചു. തൃശൂർ ഇ രിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടിള്‍ കോണ്‍ക്രീറ്റിങ്ങിന്റെ പേരില്‍ റോഡുകള്‍ ഏകപക്ഷീയമായി അടച്ചുകെട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ബസ് സര്‍വീസ് നിര്‍ത്തിവച്ചത്.
പൂച്ചൂണ്ണിപ്പാടം മുതല്‍ ഊരകം വരെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുതല്‍ പൂതംകുളം വരെയും ഉള്ള സ്ഥലങ്ങളില്‍ റോഡ് പണി നടന്നുകൊണ്ടിരിക്കുന്നത് മൂലം ബസുകള്‍ വഴിതിരിഞ്ഞാണ് സര്‍വീസ് നടത്തിവരുന്നത്. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജങ്ഷനില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പണി കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായോ മറ്റു ബന്ധപ്പെട്ടവരുമായോ ചര്‍ച്ചകള്‍ നടത്താതെ റോഡ് ബ്ലോക്ക് ചെയ്ത് പണി തുടങ്ങിയതിനാല്‍ ബസുകള്‍ മൂന്നും നാലും കിലോമീറ്ററുകളോളം കൂടുതല്‍ വഴിത്തിരിഞ്ഞു സഞ്ചരിക്കേണ്ട സാഹചര്യം ഉണ്ടായതിനാലാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായത്.
ശനിയാഴ്ച രാവിലെ ഡെപ്യൂട്ടി കലക്ടര്‍ മുരളിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ബസുടമസ്ഥ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. കമ്പനി നടപ്പിലാക്കിയ തീരുമാനം ശരിയല്ലെന്ന് ഡെപ്യൂട്ടി കലക്ടര്‍ വ്യക്തമാക്കുകയും കലക്ടര്‍ തിങ്കളാഴ്ച രാവിലെ കെ.എസ്.ടി.പി. കരാറുകാര്‍, ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍, പൊലീസ് അധികാരികള്‍, മേയര്‍ എന്നിവര്‍ ഉള്‍പ്പെടെ വിശദമായി ചര്‍ച്ച നടത്തി റോഡ് പണിയെ സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കല്‍ സമരം മാറ്റിവച്ചതെന്ന് അദ്ദേഹം അറിയിച്ചു.
കെ.വി. ഹരിദാസ് (സി.ഐ.ടി.യു), എം.എസ്. പ്രേംകുമാര്‍ (ടി.ഡി.പി.ബി.ഒ.എ), എ.സി. കൃഷ്ണന്‍ (ബി.എം.എസ്), ഷംസുദീന്‍ (ഐ.എന്‍.ടി.യു.സി), സി.എം. ജയാനന്ദ് (കെ.ബി.ഒ), മുജീബ് റഹ്മാന്‍ (കെ.ബി.ടി.എ), എം.എം. വത്സന്‍ (ബി.എം.എസ്), കെ.കെ. സേതുമാധവന്‍ (ടി.ഡി.പി.ബി.ഒ.എ), കെ.പി. സണ്ണി (സി.ഐ.ടി.യു) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.