എഐയുമായി ബന്ധപ്പെട്ട ഭീഷണികളും ഭരണനിർവഹണത്തിലെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായുള്ള ശുപാര്‍ശകള്‍ അടങ്ങിയ ‘ഗവേണിങ് എഐ ഫോർ ഹ്യുമാനിറ്റി’ എന്ന അന്തിമ റിപ്പോർട്ട് പുറത്തിറക്കി ഐക്യരാഷ്ട്ര സഭയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപദേശക സമിതി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി ബന്ധപ്പെട്ട ഏഴ് ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.
എഐയെ നിയന്ത്രിക്കുന്നതിന് ആഗോള ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കമെന്ന് സൂചന. എഐയെ അന്താരാഷ്ട്ര തലത്തിൽ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് 39 അംഗ ഉപദേശക സമിതിയ്ക്ക് യുഎൻ രൂപം നൽകിയത് കഴിഞ്ഞ വർഷമാണ്. ഈ മാസമാണ് റിപ്പോർട്ടിൽ നല്‍കിയിരിക്കുന്ന നിർദേശങ്ങൾ യുഎൻ സമ്മേളനത്തിൽ ചർച്ച ചെയ്യുക. ലോകമെമ്പാടുമുള്ള 2000ൽ അധികമാളുകളുമായി നടത്തിയ മാസങ്ങൾ നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.