അബുദാബി: സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വേനല്‍ക്കാലത്തിന് അവസാനമായി. ഇന്നു (സെപ്റ്റംബർ 22 ) മുതൽ ശരത് കാലത്തിന് തുടക്കം കുറിക്കുമെന്ന് ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 93 ദിവസത്തോളം നീണ്ടുനിന്ന ചൂടുകാലത്തിന് പരിസമാപ്തിയാകുന്നതോടെ അന്തരീക്ഷ താപനില കുറയുകയും രാത്രിയും പകലും ഒരുപോലെ ദൈർഘ്യം ഉള്ളതായി മാറുകയും ചെയ്തേക്കും. തുടർന്ന് രാത്രിയുടെ ദൈർഘ്യം വര്‍ധിച്ച് തുടങ്ങും. അതേസമയം താപനില പതിയെ 25 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. തുടർന്ന് നവംബർ മാസത്തോടെ ശീതകാലത്തിന് തുടക്കം കുറിക്കും.
നവംബർ മുതൽ മാർച്ച് വരെ മഴക്കാലം തുടർന്ന് ഈ കാലയളവിൽ വർഷത്തിലെ 22 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ മാസം തന്നെ മേഘങ്ങൾ രൂപപ്പെടാനും ചിലയിടങ്ങളിൽ മിന്നലോട് കൂടിയ മഴയും ചെറിയ പൊടിക്കാറ്റുകൾക്കും സാധ്യതയുണ്ട് എന്ന് യുഎഇ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏതാനും ദിവസങ്ങൾ കഴിയുന്നതോടെ സൗദിയിലും അന്തരീക്ഷതാപനില കുറഞ്ഞു തുടങ്ങും. ഇതോടെ അറേബ്യയിൽ ഉടനീളം എന്നപോലെ സൗദിയിലും മഴക്കാലം എത്തുമെന്ന് ജിദ്ദ ആസ്ട്രോണമിക്കൽ സൊസൈറ്റി പ്രസിഡണ്ട് മജീദ് അബു സഹ്റ വിശദീകരിച്ചു.