സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ലോകത്ത് വർധിച്ചു വരികയാണ്. അടുത്തിടെ ഉത്തർ പ്രദേശിലെ ബാഗ്പതിൽ ഒരു ആറ് വയസ്സുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഒരുകൂട്ടം കുരങ്ങന്മാർ ചേർന്ന് ഓടിച്ചു. യുകെജിക്കാരിയായ കുട്ടിയെ ഉപദ്രവിക്കാനായിരുന്നു ഇയാളുടെ ശ്രമം. അതിനായി കുട്ടിയെ ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് ഇയാൾ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. അവിടെവച്ച് കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിക്കവെ ഒരുകൂട്ടം കുരങ്ങന്മാർ അങ്ങോട്ടെത്തുകയും ഇയാളെ ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നത്രെ. അതോടെ അയാൾ കുട്ടിയെ അവിടെയാക്കി ഓടിപ്പോവുകയായിരുന്നു.
കുട്ടി ആകെ ഭയന്നു വിറച്ചിരുന്നു. വീട്ടിലെത്തിയ കുട്ടി തന്റെ മാതാപിതാക്കളോട് തന്നെ ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നും കുരങ്ങന്മാരാണ് തന്നെ രക്ഷപ്പെടുത്തിയത് എന്നും പറഞ്ഞു. മാതാപിതാക്കൾ പൊലീസിലും വിവരം അറിയിച്ചു. അന്വേഷണം നടക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. ആളെ കണ്ടെത്തിയിട്ടില്ല. പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം കുട്ടിയുടെ പിതാവ് പറഞ്ഞത്, “കുട്ടി പുറത്ത് കളിക്കുമ്പോളാണ് അയാൾ കുട്ടിയെ കൊണ്ടുപോയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ അയാൾ എൻ്റെ മകളെയും കൂട്ടി ഇടുങ്ങിയ വഴിയിലൂടെ നടക്കുന്നത് കാണാമായിരുന്നു. അയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നെ കൊല്ലുമെന്ന് പറഞ്ഞ് എൻ്റെ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു അയാൾ… ആ കുരങ്ങന്മാർ ഇടപെട്ടില്ലായിരുന്നുവെങ്കിൽ എൻ്റെ മകൾ അപ്പോഴേക്കും മരിച്ചേനെ” എന്നാണ്.
ബാഗ്പത് സർക്കിൾ ഓഫീസർ ഹരീഷ് ഭഡോറിയ പറഞ്ഞത്, കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. പ്രതിയെ പിടികൂടാനായില്ല. അന്വേഷണം നടക്കുകയാണ്. കുരങ്ങന്മാരുടെ ഇടപെടൽ കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത് എന്ന കാര്യവും അറിഞ്ഞിട്ടുണ്ട് എന്നാണ്.
അതേസമയം വാർത്ത വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. മനുഷ്യരേക്കാൾ മനുഷ്യത്വമുണ്ട് കുരങ്ങുകൾക്ക് എന്നായിരുന്നു മിക്കവരും പറഞ്ഞത്.