കൊച്ചി: കേരള അഡ്വക്കേറ്റ് വെല്‍ഫയര്‍ ഫണ്ട് ആക്ട് കാലാനുസൃതമായി ഭേദഗതി ചെയ്യാന്‍ നിയമമന്ത്രി പി രാജീവ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. കേരള ബാര്‍ കൗണ്‍സില്‍ വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളാണ് ഭേദഗതിയിലുള്ളത്. പ്രധാന ഭേദഗതികള്‍ താഴെ പറയുന്നവയാണ്
1. ക്ഷേമനിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കും.
2. അഭിഭാഷകര്‍ക്കും ജീവിത പങ്കാളിക്കും, അവിവാഹിതരായ 2 മക്കള്‍ക്കും പ്രയോജനം ലഭിക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.
3. ക്യാന്‍സര്‍, അവയവ മാറ്റം തുടങ്ങിയവയ്ക്ക് 2 ലക്ഷം രൂപയുടെ പ്രത്യേക ധനഹായം.
4. ക്ഷേമനിധിയില്‍ അംഗങ്ങളായാല്‍ എപ്പോള്‍ മരണപ്പെട്ടാലും 10 ലക്ഷം രൂപ നല്‍കുന്ന സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം.
5. ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്‌റ്റൈപ്പന്റ് നല്‍കാന്‍ വ്യവസ്ഥ
6. ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് നഷ്ടപ്പെട്ട 5 വര്‍ഷം വരെ അംഗത്വം സ്ഥാപിച്ച് നല്‍കാന്‍ വ്യവസ്ഥ.
7. അടിയന്തിര ഘട്ടങ്ങളില്‍ വായ്പ ലഭ്യമാക്കാന്‍ വ്യവസ്ഥ.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സ്റ്റാമ്പിലും, സബ്‌സ്‌ക്രിപ്ഷനിലും വര്‍ദ്ധനവ് ഉണ്ടാകും. കേരള ലീഗല്‍ ബെനഫിറ്റ് ഫണ്ട് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരും. ഇതിനായി ധനകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം ബാര്‍ കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/ സെക്രട്ടറിമാരുടെ യോഗത്തില്‍ ഈ വിഷയം അവതരിപ്പിച്ചു. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍ വ്യക്തമാക്കി