ആലപ്പുഴ: കുമാരപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ ശരത് ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കൊലപാതക ശേഷം ഒളിവിൽ പോയ കുമാരപുരം പൊത്തപ്പള്ളി തെക്ക് ചെട്ടിശ്ശേരിൽ വടക്കേതിൽ നന്ദു പ്രകാശിനെയാണ് (കരിനന്ദു-23) എറണാകുളത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ ആറുപേർ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഇവർ റിമാൻഡിലാണ്. കുമാരപുരം പൊത്തപ്പള്ളി തെക്ക് പീടികയിൽ വീട്ടിൽ ടോം പി. തോമസ് (26), കുമാരപുരം പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണു (29), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് നിഷ ഭവനത്തിൽ കിഷോർ കുമാർ (കൊച്ചി രാജാവ് -34), കുമാരപുരം താമല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ (25), കുമാരപുരം എരിക്കാവ് കൊച്ചു പുത്തൻപറമ്പിൽ സുമേഷ് (33), താമല്ലാക്കൽ പുളിമൂട്ടിൽ സൂരജ് (20) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് ഇടപ്പള്ളി തോപ്പിൽ ശരത് ഭവനത്തിൽ ചന്ദ്രന്റെ മകൻ ശരത് ചന്ദ്രനെ (അക്കു -26) ആണ് ബുധനാഴ്ച രാത്രി 12ഓടെ അക്രമിസംഘം കുത്തിക്കൊന്നത്. ശരത്തിന്റെ സുഹൃത്ത് പുത്തൻവീട്ടിൽ മനോജിന് (24) പരിക്കേറ്റിരുന്നു.
കാട്ടിൽ മാർക്കറ്റ് പുത്തൻകരി ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്രക്കിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെല്ലാം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഹരിപ്പാട് സി.ഐ ബിജു വി. നായരുടെ നേതൃത്വത്തിൽ എസ്.ഐ രാജ്കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ നിഷാദ്, നിസാം, സിദ്ദീഖ്, പ്രേം, വിനോദ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.