കിഴക്കമ്പലം : ട്വന്റി 20 അഞ്ചാം വാർഡ് ഏരിയ സെക്രട്ടറി സി.കെ.ദീപുവിന്റെ കൊലപാതകത്തിൽ തെളിവു ശേഖരണം ഉൗർജിതമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഇതു രാഷ്ട്രീയ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികളെ തെളിവെടുപ്പിന് ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നു പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാൽ അറിയിച്ചു. ട്വന്റി20യിൽ പ്രവർത്തിച്ചതിലുള്ള സിപിഎമ്മിന്റെ രാഷ്ട്രീയവിരോധം മൂലമാണു ദീപുവിനു മർദനമേറ്റതെന്നാണു കുന്നത്തുനാട് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. മർദനത്തെ തുടർന്നു ദീപുവിന്റെ തലയോട്ടിക്കു പിന്നിൽ രണ്ടിടങ്ങളിൽ ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. തലച്ചോറിൽ രക്തം കട്ടപിടിച്ചതോടെ മരണം സംഭവിച്ചു.
സിപിഎം പ്രവർത്തകരായ ചേലക്കുളം കാവുങ്ങപ്പറമ്പ് വലിയപറമ്പിൽ അസീസ് (42), പാറാട്ട് വീയൂട്ട് അബ്ദുൽ റഹ്മാൻ (36), പാറാട്ട് സൈനുദീൻ (27), നെടുങ്ങാട്ട് ബഷീർ (27) എന്നിവരാണു പ്രതികൾ. സൈനുദീൻ ദീപുവിന്റെ കഴുത്തിൽ പിടിച്ചു തള്ളി നിലത്തുവീഴ്ത്തി തലയിൽ ചവിട്ടിയെന്നും മറ്റു പ്രതികൾ തലയിലും വയറിലും ചവിട്ടിയെന്നും പോലീസ് പറയുന്നു. പ്രതികൾ എല്ലാം ദീപുവിന്റെ ചേലക്കുളത്തെ വീടിനടുത്തു താമസിക്കുന്നവരാണ്.