കോഴിക്കോട്: ഭരണകക്ഷി എംഎൽഎ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ പ്രതിക്കൂട്ടിലാണ്. മുഖ്യന്റെ ഓഫിസിൽ ഉപജാപക സംഘം ഉണ്ടെന്നു ഞങ്ങൾ പറഞ്ഞതാണ്. എഡിജിപി-ആർഎസ്എസ് നേതാക്കളെ കണ്ടത് യുഡിഎഫ് ആണ് പുറത്ത് കൊണ്ടു വന്നത്. യുഡിഎഫ് പറഞ്ഞത് ഭരണ കക്ഷി എംഎൽഎ ആവർത്തിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. അൻവർ ഉയർത്തുന്ന വിഷയങ്ങൾക്ക് പിന്തുണ ഉണ്ട്. ഞങ്ങൾ പറയാത്ത ഏതെങ്കിലും കാര്യങ്ങൾ അൻവർ പറഞ്ഞിട്ടുണ്ടോ. അദ്ദേഹം എൽഡിഎഫിലാണ്. അതുകൊണ്ട് അദ്ദേഹത്തെ കൊണ്ടു വരുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സതീശൻ പ്രതികരിച്ചു.
പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്നു അടിവരയിടുകയാണ്. പൂരം കലക്കൻ ഉദ്യോഗസ്ഥരെ അങ്ങോട്ട് വിടുകയായിരുന്നു എന്നു ഞങ്ങൾ പറഞ്ഞതാണ്. ഭരണ പരാജയമാണ്. അത് മറച്ചു വെക്കാൻ സർക്കാർ ശ്രമിക്കുന്നു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിരൂക്ഷമാണ്. ചെക്ക് മാറുന്നില്ല. എല്ലാ മേഖലയും തകർന്നു. ആരോഗ്യ, കെഎസ്ഇബി മേഖലകളെല്ലാം തകർന്നു. ഭരണ പരാജയത്തിന്റെ പേരിലും ഗുരുതര ആരോപണങ്ങൾ ഉയർന്നതിന്റെ പേരിലും മുഖ്യമന്ത്രി രാജി വെക്കണം. ഇതിനായി നാളെ മുതൽ സമരം തുടങ്ങുകയാണ്. സമരം പരമ്പരകൾ നടത്തും. നാളെ വൈകിട്ട് പ്രാദേശിക അടിസ്ഥാനത്തിൽ സമരം നടത്തുംമെന്നും സതീശൻ പറഞ്ഞു.
അടുത്ത മാസം 8നു യുഡിഎഫ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തും. 13നു ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തും. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. അൻവറിനോട് ഉള്ള ആനുകൂല്യം മുമ്പ് വിഎസിനോട് കാണിച്ചിട്ടുണ്ടോ. വിഎസിനോട് കാണിക്കാത്ത ആനുകൂല്യം അൻവറിനോട് കാണിക്കാത്തത് പേടിച്ചിട്ടാണ്. അൻവർ ഇതിനേക്കാൾ വലുത് പറയുമോ എന്ന് പേടിച്ചു ജീവിക്കുകയാണ്. അതുകൊണ്ടാണ് അൻവറിനോട് അപേക്ഷയുടെ സ്വരമെന്നും സതീശൻ കൂട്ടിച്ചേർത്തു.