ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പ്രചരണങ്ങള്‍ ഇന്നവസാനിക്കും. 59 മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്ന് അവസാനിക്കുക. ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. നാലാംഘട്ട തെരഞ്ഞെടുപ്പു പ്രചരണം ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഇന്ന് വിവിധയിടങ്ങളില്‍ പ്രചരണ റാലികളുടെ ഭാഗമാകും. നാലാംഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന 621 സ്ഥാനാര്‍ഥികളില്‍ 121 പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരാണ്. വൈകിട്ട് 5 മണി വരെയാണ് പരസ്യ പ്രചാരണത്തിന് ഇന്ന് അനുമതിയുള്ളത്. നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത സുരക്ഷാസംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ഇന്ന് അഞ്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് റായ്ബറേലി ഉള്‍പ്പെടെയുള്ള നാല് സ്ഥലങ്ങളിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രയാഗ്‌രാജില്‍ സംഘടിപ്പിച്ചിരുക്കുന്ന പൊതുപരിപാടിയില്‍ ബി എസ് പി അധ്യക്ഷ മായാവദിയും പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗാണ് ഇന്നലെ നടന്നത്. പഞ്ചാബിലും തരക്കേടില്ലാത്ത പോളിംഗ് നടന്നു. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അഖിലേഷ് യാദവ് മത്സരിക്കുന്ന കര്‍ഹാള്‍ അടക്കമുള്ള 59 മണ്ഡലങ്ങളാണ് ഇന്നലെ ബൂത്തിലെത്തിയത്.
20142017 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പരിവാര്‍വാദികള്‍ തന്നെ അനുവദിച്ചില്ലെന്ന വിമര്‍ശനമാണ് ഇന്നലെ ഉത്തര്‍ പ്രദേശിലെ പ്രചരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചത്. താന്‍ യുപിയില്‍ നിന്നുള്ള എംപിയാണ്. പക്ഷേ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ അനുവദിച്ചില്ല. അത്തരക്കാരെ തെരഞ്ഞെടുത്താല്‍ വീണ്ടും അവര്‍ ജനസേവനത്തിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം മുമ്പ് യുപിയില്‍ മാഫിയകളെ ഭയന്ന് കച്ചവടക്കാര്‍ വ്യാപാരം ചെയ്യാന്‍ ഭയന്നിരുന്നു. പിടിച്ചുപറിയും കവര്‍ച്ചയും അക്കാലത്ത് സാധാരണമായിരുന്നു. തെരഞ്ഞെടുപ്പില്‍ ദയനീയമായി തോല്‍ക്കുന്ന ഈ ‘പരിവാര്‍വാദികള്‍’ ഇനി ജാതിയുടെ പേരില്‍ വിഷം ചീറ്റും. ഇത്തരക്കാര്‍ അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യും. എന്നാല്‍ ബിജെപിയുടെ ലക്ഷ്യം യുപിയുടെ വികസനം, ഒപ്പം രാജ്യത്തിന്റെ വികസം എന്നതാണെന്നും മോദി പറഞ്ഞു.