റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുമുള്ള പഴുതടച്ച പരിശോധന തുടരുന്നു. സെപ്തംബർ 19 മുതൽ 25 വരെ നടത്തിയ റെയ്ഡിൽ നിയമലംഘനം നടത്തിയ 15,324 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസനിയമ ലംഘനം നടത്തിയതിന് 9,235, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചതിന് 3,772, തൊഴിൽനിയമ ലംഘനം നടത്തിയതിന് 2,317 പേരാണ് അറസ്റ്റിലായത്.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,226 പേർ അറസ്റ്റിലായി. ഇവരിൽ 48 ശതമാനം യമനികളും 51 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. 116 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. മൊത്തം 6,520 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു. 1,385 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷ ൻ പൂർത്തിയാക്കാൻ വേണ്ടിയും റഫർ ചെയ്തു.