വാഷിംഗ്ടൺ: ഇറാന്റെ ആക്രമണത്തെ ഇസ്രയേൽ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇസ്രയേലിനെ അമേരിക്കയും സഖ്യ കക്ഷികളും സഹായിച്ചെന്നെന്നും ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണവും. ആക്രമണത്തിൽ ഇസ്രയേലിൽ ആരും കൊല്ലപ്പെട്ടതായി വിവരമില്ല.
തുടർ നടപടികളെ കുറിച്ച് അമേരിക്ക ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി. അതേസമയം, മേഖലയിൽ വ്യോമപാത തത്കാലികമായി അടച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. ലെബനൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾ തത്കാലികമായി വ്യോമപാത അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകളാണെന്നാണ് റിപ്പോർട്ടുകൾ. മിസൈല്‍ ആക്രമണം അപ്രതീക്ഷതിമാണെന്നും എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയെന്നും ഇസ്രയേലിലെ മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇറാന്‍റെ ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ മിസൈലുകളെ പ്രതിരോധിക്കാനും വെടിവെച്ച് വീഴ്ത്താനും പ്രസിഡന്‍റ് ജോ ബൈഡൻ അമേരിക്കൻ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഷെല്‍ട്ടറുകളിൽ അഭയം തേടിയിരിക്കുകയാണ് ഇസ്രായേലി പൗരന്മാരും മറ്റു രാജ്യങ്ങളിലെ പൗരന്മാരും. ഇസ്രായേലിലെ മലയാളികളും ഷെല്‍ട്ടറുകളിലേക്ക് മാറിയിട്ടുണ്ട്.