തിരുവനന്തപുരം : രണ്ട് വർഷത്തിന് ശേഷം സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്. ഇന്നു മുതൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വൈകുന്നേരം വരെയാണ് ക്ലാസ്. പ്രവേശനോത്സവത്തിന്റെ പ്രതീതിയിലാണ് പല സ്കൂളുകളിലും വിദ്യാർഥികളെ സ്വാഗതം ചെയ്തത്. നാൽപ്പത്തിയേഴ് ലക്ഷത്തോളം കുട്ടികൾ ഇന്നുമുതൽ സ്കൂളുകളിലേക്ക് എത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കടുത്ത ജാഗ്രതയിലാണ് ക്ലാസുകൾ പ്രവർത്തിക്കുക. ഇത് സംബന്ധിച്ച നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. തുറസ്സായ സ്ഥലത്തായിരിക്കും ക്ലാസുകൾ. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് കുട്ടികളുടെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
യൂണിഫോമും ഹാജറും നിർബന്ധമല്ല. സിബിഎസ്ഇ സ്കൂളുകളും തുറന്ന് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. സ്കൂളുകളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഓൺലൈൻ പഠനം തുടരും. ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാർച്ച് വരെ ക്ലാസുകളുണ്ടാകും. ഏപ്രിലിലായിരിക്കും വാർഷിക പരീക്ഷ. 10,12 ക്ലാസുകൾ ഈ മാസം അവസാനത്തോടെ തീർക്കും. പിന്നീട് റിവിഷനുള്ള സമയം നൽകി മോഡൽ പരീക്ഷ നടത്തും. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ 38 ലക്ഷത്തോളം വിദ്യാർഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർഥികളുമാണ് തിങ്കളാഴ്ച സ്കൂളുകളിലേക്കെത്തുക.
പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശ ഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നത്. സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾക്കും ഐസിഎസ്ഇ സ്കൂളുകളും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തിക്കുക.