തിരുവനന്തപുരം: സമീപവാസിയായ സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം. 70 കാരന് 13 വർഷം കഠിനതടവും 125000 പിഴ ശിക്ഷയും വിധിച്ച് കോടതി. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി ബിജു കുമാർ സി ആർ ആണ് പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ചിറയിൻകീഴ് സ്വദേശിയെയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.
70കാരൻ സമീപവാസിയായ കുട്ടിയെ അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിവിധ കാലഘട്ടങ്ങളിൽ ടിവി കാണാൻ എത്തുന്ന സമയത്തും മറ്റുമായി പ്രതിയുടെ വീട്ടിൽ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു എന്നതാണ് കേസ്. ഭാര്യ ഉപേക്ഷിച്ചു പോയ ഇയാൾ ദീർഘനാളുകളായി ഒറ്റയ്ക്കായിരുന്നു താമസം. കുട്ടിയെ ട്യൂഷൻ പഠിപ്പിക്കുവാൻ പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞ് വിട്ട നാൾ മുതൽ അടുപ്പം സൂക്ഷിച്ചുവന്ന പ്രതി അവസരം മുതലാക്കിയാണ് ടിവി കാണുവാനെത്തുന്ന സമയം കുട്ടിയെ ഉപദ്രവിച്ചുവന്നത്.
പിതാവിനോട് ഉപദ്രവം സംബന്ധിച്ച് കുട്ടി സൂചിപ്പിച്ചെങ്കിലും പിതാവിന്റെ മരണത്തോടെ വിവരം മറ്റാരും അറിയാത്ത സാഹചര്യത്തിൽ എത്തുകയായിരുന്നു. ലൈംഗിക അതിക്രമം സംബന്ധിച്ച് മാതാവിനോട് പറയും എന്ന സൂചിപ്പിച്ച സമയത്ത് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇതോടെ സ്കൂളിൽ കുട്ടി മറ്റ് കുട്ടികളെ ഉപദ്രവിക്കാൻ ആരംഭിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കപ്പെട്ടപ്പോഴാണ് അതിക്രമത്തിന് ഇരയായ വിവരം പുറത്ത് വരുന്നത്.
ഇതിനെ തുടർന്ന് കുട്ടിയുടെ മൊഴിയിൽ 2019-ൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പോക്സോ നിയമത്തിലെ വ്യത്യസ്ത കുറ്റങ്ങൾക്കായി 13 വർഷം കഠിനതടവും, 1,25,000/- പിഴ തുകയും ശിക്ഷയായി വിധിച്ച കോടതി, പ്രതി പിഴ തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം രൂപ അതിക്രമത്തിനിതയായ കുട്ടിക്ക് നൽകണമെന്നും, ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി മുഖേന മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
കുട്ടിക്ക് മതിയായ കൗൺസിലിംഗ് നൽകണമെന്ന് കോടതി ഉത്തരവിലൂടെ നിർദ്ദേശിച്ചു. ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ബിനീഷ് വിഎസ് കേസ് രജിസ്റ്റർ ചെയ്ത് രാഹുൽ രവീന്ദ്രൻ സജീഷ് എച്ച് എൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എം മുഹ്സിൻ ആണ് ഹാജരായത്.