ഇടുക്കി : പൊൻമുടിയിലെ ഭൂമി വിവാദത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ. സംഭവം ഗൗരവമുള്ളതാണെന്നും ചില കാര്യങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പ് നടത്തുമ്പോൾ ചർച്ചയും കൂടിയാലോചനയും നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഗൗരവമുള്ളതാണെന്നും ആ നിലയിലാണ് പാർട്ടി വിഷയത്തെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ പുറമ്പോക്ക് എന്ന് തഹസിൽദാർ റിപ്പോർട്ട് നൽകിയ ഭൂമി രാജക്കാട് സർവീസ് സഹകരണ സംഘത്തിന് കെഎസ്ഇബി പാട്ടത്തിന് നൽകിയത് അതീവഗൗരവമുള്ളതാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് കാര്യത്തെ കൈകാര്യം ചെയ്യുന്നത്. സംഭവിച്ച എല്ലാ കാര്യങ്ങളും തെറ്റാണെന്ന അഭിപ്രായമില്ല. ആളുകളുമായി ചർച്ച നടത്തി തീരുമാനമെടുക്കാമായിരുന്നു. കെഎസ്ഇബിക്ക് അവരുടെ ആവശ്യത്തിന് നൽകിയ ഭൂമി ആവശ്യത്തിന് ശേഷം ബാക്കിയുണ്ടെങ്കിൽ അത് റവന്യൂ വകുപ്പിന് തിരിച്ച് നൽകുകയാണ് വേണ്ടത്. അത്തരം കാര്യങ്ങൾ പരിശോധിക്കുകയെന്ന ഉത്തരവാദിത്വം ഗവൺമെന്റിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊൻമുടി ഭൂമി വിഷയം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആയുധമാക്കുമ്പോൾ ശക്തമായ നിലപാടുമായി രംഗത്തുവരികയാണ് സിപിഐ. അതേസമയം, ഹൈഡൽ ടൂറിസത്തിനായി കെഎസ്ഇബി കൈമാറിയ 21 ഏക്കർ ഭൂമിയുടെ പരിശോധനയ്ക്കായി ഉടൻ തന്നെ നിയമാനുസൃതം നോട്ടീസ് നൽകും. കഴിഞ്ഞ ശനിയാഴ്ച പരിശോധനയ്ക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മടക്കി അയച്ചിരുന്നു. വിഷയത്തിൽ സിപിഎം എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്.