തിരുവനന്തപുരം : തിരുവനന്തപുരത്ത് ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവ്. ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമെന്നാണ് കണ്ടെത്തല്‍. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമെന്ന് കണ്ടതോടെ ഇരുവരും ചേര്‍ന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പുതിയ കണ്ടെത്തല്‍ പുറത്തെത്തിയിരിക്കുന്നത്. ഇരുവരേയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. 2017 മെയ് 20 രാത്രിയിലാണ് കണ്ണമൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിഥിയായെത്തിയ ഗംഗേശാനന്ദയുടെ നേര്‍ക്ക് ആക്രമണം നടക്കുന്നത്. സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിംഗം മുറിച്ചെന്നാണ് യുവതി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഗംഗേശാന്ദയ്‌ക്കെതിരെ ബലാത്സംഗത്തിനടക്കം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും സഹായി അയ്യപ്പദാസാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും യുവതി തിരുത്തിപ്പറയുകയായിരുന്നു. താനല്ല സ്വാമിയെ ആക്രമിച്ചതെന്നും പിന്നീട് യുവതി പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തലുകള്‍.
കേസിലെ ഉന്നത പോലീസ് ഗൂഢാലോചനയടക്കമുളള വിഷയങ്ങള്‍ ആരോപിച്ചുകൊണ്ട് ഗംഗേശാനന്ദ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. സുഹൃത്തായ അയ്യപ്പദാസുമായി ചേര്‍ന്ന് സ്വാമിയെ ആക്രമിക്കാന്‍ യുവതി പദ്ധതിയിടുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പദ്ധതി തയ്യാറാക്കുന്നതിനായി ഇരുവരും കൊല്ലത്തെ കടല്‍ത്തീരത്തുവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നതായും പോലീസ് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.